മെഡിക്കൽ വിദ്യാഭ്യാസം - വികലമായ നയങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ

സരിന്‍ ശ്യാമളാ മോഹനന്‍ July 19, 2016

കേരളത്തിൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ട് ഉന്നതവിദ്യാഭ്യാസ മേഖലയിൽ പ്രക്ഷുബ്ധവും സംഭവബഹുലവുമായ മാറ്റങ്ങളാണ് നടന്നിട്ടുള്ളത്. പ്രാഥമികവിദ്യാഭ്യാസ ആരോഗ്യ മേഖലകൾ ശക്തിപ്പെട്ടു കഴിഞ്ഞത്തിനു ശേഷം 21ആം നുറ്റാണ്ടിലേക്ക് നടന്നടുത്ത കേരളത്തിലെ മലയാളിയുടെ ആവശ്യം, അവന്റെ വരും തലമുറക്ക് കുതിക്കുന്ന ആഗോള തൊഴിൽ മാർക്കറ്റിൽ പകിട്ടാർന്ന സ്ഥാനമായിരുന്നു. ആഗോളവത്കരണാന്തരം ഇന്ത്യയിലാകെ പൊട്ടിപ്പുറപ്പെട്ട ഐ ടി മേഖലാവളർച്ചയും, ആധുനിക ഇടപെടലുകളുടെ സാധ്യതകൾ വികസിച്ച സൂപ്പർസ്പെഷ്യാലിറ്റി മെഡിക്കൽ മേഖലാവളർച്ചയും മലയാളിയുടെ തൊഴിൽ സങ്കൽപ്പങ്ങളിൽ പ്രഥമ സ്ഥാനം നേടിയതിൽ അത്ഭുതപ്പെടാനില്ല. പക്ഷെ അതിനായുള്ള പഠനാവസരങ്ങൾ സർക്കാർ മേഖലയിലുള്ള പരിമിതമായ സീറ്റുകൾ മാത്രമാകുകയും അതിനായി കടുത്ത മത്സരം നിലനിൽക്കുകയും ചെയ്യുന്ന അവസ്ഥയിലാണ് തൊണ്ണൂറുകളുടെ അവസാനത്തിലും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലും ഇന്ത്യയിൽ ആകമാനവും കേരളത്തിൽ പ്രത്യേകിച്ചും ഉന്നതവിദ്യാഭ്യാസത്തിലുള്ള നയവ്യതിയാനം വരുന്നത്. തമിഴ്‌നാട്-കർണാടക മുതലായ സംസ്ഥാനങ്ങളിൽ സ്വാശ്രയ മെഡിക്കൽ എൻജിനിയറിങ് കോളേജുകൾ ഉയർന്നു വന്നതിന്റെ ഫലമായി യോഗ്യതാപരീക്ഷകളിൽ പുറകോട്ടു പോയ മധ്യ-ഉപരിവർഗ്ഗത്തിലെ വിദ്യാർത്ഥികൾ പഠനത്തിനായ് അവയിലേക്ക് പ്രവഹിച്ചു തുടങ്ങി.

പിന്നിട്ട വഴികൾ

2001ൽ എ. കെ. ആന്റണിയുടെ നേതൃത്വത്തിൽ അധികാരത്തിലേറിയ യു.ഡി.എഫ് സർക്കാരാണ് കേരളത്തിൽ ഉന്നതവിദ്യാഭ്യാസ രംഗത്ത് കാതലായ ദിശാവ്യതിയാനം കൊണ്ടുവന്നത്. 1993ൽ പരിയാരം മെഡിക്കൽ കോളേജിലൂടെ സ്വാശ്രയ വിദ്യാഭ്യാസം മെഡിക്കൽ മേഖലയിൽ തുടങ്ങിയെങ്കിലും പൊതുവിൽ സാമൂഹിക നിയന്ത്രണത്തിനധീനമായ് തന്നെയായിരുന്നു ഉന്നത വിദ്യാഭ്യാസ മേഖല. 2001ൽ അധികാരത്തിലേറി മാസങ്ങൾക്കകം ആന്റണി സർക്കാർ എടുത്ത സുപ്രധാന തീരുമാനമാണ് ഈ മേഖലയെ ഇന്ന് കാണും വിധം മാറ്റി മറിച്ചത്. അപേക്ഷിച്ച എല്ലാ സ്ഥാപനങ്ങൾക്കും ഒറ്റ കാബിനറ്റ് യോഗത്തിലൂടെ സർക്കാർ എൻ.ഒ.സി (NOC) നൽകി. സർക്കാർ ഇടപെടൽ കാരണം വിദ്യാർത്ഥികൾക്ക് സംസ്ഥാനത്ത് തന്നെ പഠിക്കാനുള്ള അവസരം നിഷേധിക്കാൻ ഉദ്ധേശിക്കുന്നില്ലെന്ന ന്യായമാണ് അതിനായ് അവതരിപ്പിക്കപെട്ടത്. ഉയർന്നു വരുന്ന സ്ഥാപനങ്ങളുടെ ഗുണമേന്മ ഉറപ്പു വരുത്തേണ്ട ചുമതല മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യക്കും അതാതു യുണിവേഴ്സിറ്റിക്കും മാത്രമാണെന്ന് സർക്കാർ നിലപാടെടുത്തു. അമ്പത് ശതമാനം സീറ്റുകളിൽ സർക്കാർ നിർണ്ണയിക്കുന്ന ഫീസിൽ യോഗ്യതാപരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശനമുണ്ടാകും എന്ന ഉറപ്പും സർക്കാർ മുന്നോട്ട് വച്ചു. "രണ്ടു സ്വാശ്രയ സ്ഥാപനം സമം ഒരു സർക്കാർ സ്ഥാപനം" എന്ന വാഗ്ദാനമാണ് ഈ അവസരത്തിൽ സർക്കാർ ജനങ്ങൾക്ക് നൽകിയത്.

പക്ഷെ പിന്നീട് കേരളം കണ്ടത് ദിശാബോധമില്ലാത്ത ഈ നയത്തിന്റെ അനന്തരഫലങ്ങളായിരുന്നു. എൻ.ഒ.സി കിട്ടിയ സ്വാശ്രയ മാനേജ്‌മെന്റുകൾ കേരളത്തിലുടനീളം സ്ഥാപനങ്ങൾ ഉയർത്തുകയും അവയ്ക്ക് പലവിധത്തിലും യൂണിവേഴ്സിറ്റി, മെഡിക്കൽ കൗൺസിൽ അംഗീകാരങ്ങൾ നേടിയെടുക്കുകയും ചെയ്തു. ഇതു മാത്രമല്ല സർക്കാർ വാഗ്ദാനത്തിന് വിപരീതമായ് അൻപത് ശതമാനം സീറ്റുകളിൽ മെറിറ്റ് പ്രവേശനം നിഷേധിക്കുകയോ, കൂടിയ ഫീസ് ഈടാക്കുകയോ ചെയ്തു തുടങ്ങി. 2004ൽ യു.ഡി.എഫ് സർക്കാർ തന്നെ നിർമ്മിച്ച സ്വാശ്രയ നിയമത്തിനെതിരെ (Kerala Self Financing Professional Colleges Act 2004) കോടതികളെ സമീപിക്കുകയും ചെയ്തു. കോടതികളുടെ ഇടപെടൽ കൂടിയായപ്പോൾ നിയമത്തിലെ പല നിബന്ധനകളും റദ്ദ് ചെയ്യപ്പെടുകയും മെറിറ്റ് വിദ്യാർത്ഥികൾക്കും ഉയർന്ന ഫീസ് നൽകി പഠിക്കേണ്ട അവസ്ഥയും ഉണ്ടായി. 2006ൽ എൽ.ഡി.എഫ് സർക്കാരിന്റെ നേതൃത്വത്തിൽ സ്വാശ്രയ ഉന്നതവിദ്യാഭ്യാസ മേഖലയിൽ സാമൂഹിക നിയന്ത്രണം ഏർപെടുത്താനായി സുവ്യക്ത നിർദ്ദേശങ്ങളോടെ കൊണ്ടു വന്ന നിയമവും കോടതികളുടെ പടിവാതിലിൽ നിയമച്ചുഴിയിൽ പെട്ട് തകർന്നു വീഴുന്ന കാഴ്ചയും പിന്നീട് കണ്ടു.

ആരോഗ്യ മേഖലയിൽ പൊതുവെയും, ആരോഗ്യവിദ്യാഭ്യാസ മേഖലയിൽ പ്രത്യേകിച്ചും നിയോലിബറൽ സാമ്പത്തിക പരിസരത്തിൽ വന്നു കഴിഞ്ഞ ഈ വാണിജ്യവത്കരണം ഡോക്ടർമാരുൾപ്പടെയുള്ള ആരോഗ്യപ്രവർത്തകരുടെ മൂല്യബോധത്തിൽ വരുത്തിയ മാറ്റവും തൊട്ടറിയാവുന്നതാണ്. പൂർണമായും ധനാഗമനമാർഗം മാത്രമായി ആരോഗ്യ ശുശ്രൂഷാരംഗത്തെ വീക്ഷിക്കുന്ന അവസ്ഥ മെഡിക്കൽ സമൂഹത്തിൽ വ്യാപകമായ കൊണ്ടിരിക്കുന്നു. പൊതു സമൂഹത്തിന് ഡോക്ടർമാരോടുള്ള സമീപനത്തിലും ഇതിന്റെ പ്രതിക്രിയയെന്നോണം മാറ്റങ്ങൾ വരുന്നതും കാണാവുന്നതാണ്.

ഈ വാഗ്ദാന ലംഘനം മാത്രമായിരുന്നില്ല സ്വാശ്രയ മേഖല ഉന്നത വിദ്യാഭ്യാസത്തിൽ വരുത്തിയ മാറ്റം. വാണിജ്യവത്കരിക്കപ്പെട്ട പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനത്തിന് പഠനയോഗ്യതയേക്കാളുപരി സാമ്പത്തികമാനങ്ങൾക്ക് പ്രാധാന്യം കൈവന്നു. അങ്ങിനെ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളിൽ ഒരു വിഭാഗമെങ്കിലും പ്രൊഫഷണൽ വിദ്യാഭ്യാസത്തിന് വേണ്ട അഭിരുചിയില്ലാത്തവരാകുകയും പഠനത്തിൽ പിന്നോട്ടാക്കുകയും ചെയ്തു. എന്നാൽ സ്ഥാപനത്തിന്റെ വാണിജ്യതാല്പര്യം സംരക്ഷിക്കപ്പെടേണ്ടുന്നതിനാൽ പലപ്പോഴും വേണ്ട അളവുകോൽ വച്ച് ഇങ്ങനെയുള്ള വിദ്യാർത്ഥികളുടെ യോഗ്യതാനിർണ്ണയം നടത്താതെ കോഴ്സ് പൂർത്തീകരിപ്പിക്കുവാനുള്ള സമ്മർദ്ദവും മാനേജ്‌മെന്റുകൾ ഏറിയും കുറഞ്ഞും നടത്തി വരുന്നു. എൻജിനിയറിങ്-മെഡിക്കൽ മേഖലയിൽ ഒരു പോലെ വന്നിരിക്കുന്ന ഗുണനിലവാരച്യുതി, ഈ മേഖലകളിൽ പ്രവർത്തിക്കുന്ന ഏവരും ഒരു പോലെ സമ്മതിക്കുമെന്നു കരുതുന്നു. മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ ഈ മാറ്റം പ്രത്യേകിച്ച് നമ്മുടെ ആരോഗ്യ രംഗത്ത് വരുത്താവുന്ന ആഘാതം നമുക്കൂഹിക്കാവുന്നതേ ഉള്ളു. ഇപ്പോൾ നമ്മുടെ സംസ്ഥാനത്തു നല്ല ശതമാനം മെഡിക്കൽ സീറ്റുകളും സ്വാശ്രയമേഖലയിലാണെന്നിരിക്കെ, ഈ ഗുണനിലവാരമാനദണ്ഡങ്ങൾ സർക്കാർ സ്ഥാപനങ്ങളിലേക്കും പരക്കുന്നുണ്ടെന്നിരിക്കെ, അതു നമ്മുടെ മെഡിക്കൽ വിദ്യാഭ്യാസ നിലവാരത്തിനുണ്ടാക്കുന്ന ആഘാതം ചെറുതല്ല.

ഇവയൊക്കെ കൂടാതെ ആരോഗ്യ മേഖലയിൽ പൊതുവെയും, ആരോഗ്യവിദ്യാഭ്യാസ മേഖലയിൽ പ്രത്യേകിച്ചും നിയോലിബറൽ സാമ്പത്തിക പരിസരത്തിൽ വന്നു കഴിഞ്ഞ ഈ വാണിജ്യവത്കരണം ഡോക്ടർമാരുൾപ്പടെയുള്ള ആരോഗ്യപ്രവർത്തകരുടെ മൂല്യബോധത്തിൽ വരുത്തിയ മാറ്റവും തൊട്ടറിയാവുന്നതാണ്. പൂർണമായും ധനാഗമനമാർഗം മാത്രമായി ആരോഗ്യ ശുശ്രൂഷാരംഗത്തെ വീക്ഷിക്കുന്ന അവസ്ഥ മെഡിക്കൽ സമൂഹത്തിൽ വ്യാപകമായ കൊണ്ടിരിക്കുന്നു. പൊതു സമൂഹത്തിന് ഡോക്ടർമാരോടുള്ള സമീപനത്തിലും ഇതിന്റെ പ്രതിക്രിയയെന്നോണം മാറ്റങ്ങൾ വരുന്നതും കാണാവുന്നതാണ്.

ഇതിന്റെയൊക്കെ കാരണങ്ങൾ ഒറ്റ നയവ്യതിയാനത്തിൽ കൊണ്ടു കെട്ടാൻ സാധിക്കില്ലെങ്കിലും, മെഡിക്കൽ വിദ്യാഭ്യാസം വന്നു ഭവിച്ചിട്ടുള്ള ഈ അവസ്ഥയിൽ നിരുത്തരവാദപരവും ദിശാബോധമില്ലാത്തതും വാണീജ്യതാല്പര്യസംരക്ഷണാർത്ഥം ഉത്ഭവിച്ചതുമായ 2001ലെ നയവ്യതിയാനം കാതലായ പങ്ക് വഹിച്ചിട്ടുണ്ട്. സമൂഹത്തിന്റെ നിത്യനിദാന ആവശ്യങ്ങളിൽ വേണ്ട മുന്നൊരുക്കങ്ങളും പഠനങ്ങളും ചെയ്തു കൊണ്ട് ജനാധിപത്യ സർക്കാറുകൾ ഇടപെടേണ്ടുന്നത്തിന്റെ ആവശ്യകതയാണ് ഈ അനുഭവം നമ്മെ ഓർമ്മിപ്പിക്കുന്നത്. വാണിജ്യ മാർക്കറ്റ് താല്പര്യങ്ങൾക്ക് അനുഗുണമായി നിർമ്മിക്കപ്പെടുന്ന പൊതുബോധം ഉയർത്തുന്ന ആവശ്യങ്ങൾക്ക് വശംവദരായി അലക്ഷ്യമായ നയരൂപീകരണങ്ങൾ നടത്തുക വഴി സമൂഹത്തിൽ തിരുത്താൻ പറ്റാത്ത മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന് ഭരിക്കുന്നവർ ഓർക്കേണ്ട വസ്തുതയാണ്.

കടപ്പാട്: The Hindu

ഭാവിയിൽ ഇനി എന്ത്?

കഴിഞ്ഞ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ ചില പുതിയ കാൽവെപ്പുകൾ നടത്തുകയുണ്ടായി. സ്വാശ്രയ സ്ഥാപനങ്ങളുടെ ആധിക്യമുള്ള സംസ്ഥാനത്ത് എല്ലാ ജില്ലയിലും ഒരു സർക്കാർ മെഡിക്കൽ കോളേജ് എന്ന മുദ്രാവാക്യമാണ് ആ സർക്കാർ മുന്നോട്ട് വച്ചത്. ഒറ്റനോട്ടത്തിൽ വളരെയധികം ശ്‌ളാഘനീയമായ തീരുമാനം തന്നെ. സർക്കാർ മേഖലയിൽ പിന്നോക്കം നിൽക്കുന്ന ജില്ലകളിൽ മെഡിക്കൽ കോളേജുകൾ തുടങ്ങുന്നത് നല്ലതുമാണ്. എന്നാൽ ഈ നയത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെന്താണെന്ന് വിശദീകരിക്കേണ്ട കടമ സർക്കാറിനുണ്ട്. എല്ലാ ജില്ലയിലും ത്രിതീയ തലത്തിലുള്ള ആരോഗ്യ സംവിധാനം നൽകുക എന്നതാണോ ഇതിന്റെ ലക്ഷ്യം? അല്ല, സംസ്ഥാനത്ത് സർക്കാർ മേഖലയിൽ കൂടുതൽ മെഡിക്കൽ സീറ്റുകൾ സൃഷ്ടിക്കുകയെന്ന പരിമിതമായ ലക്ഷ്യമാണോ? ആദ്യത്തേതാണ് ലക്ഷ്യമെങ്കിൽ അതിനായി മെഡിക്കൽ കോളേജാണോ തുടങ്ങേണ്ടത്? കഴിഞ്ഞ 2006-2011ലെ എൽ.ഡി.എഫ് സർക്കാരിന്റെ കാലഘട്ടത്തിൽ മഞ്ചേരിയിലും ഇടുക്കിയിലും ജില്ലാ ആശുപത്രികളുടെ സൂപ്പർസ്പെഷ്യാലിറ്റി ബ്ലോക്കുകൾക്കായ് നിർമ്മിച്ച കെട്ടിടത്തിലാണ് പിന്നീട് വന്ന സർക്കാർ മെഡിക്കൽ കോളേജുകൾ തുടങ്ങിയത്. മറ്റു ജില്ലകളിൽ തറക്കല്ലുകളായ് അവശേഷിക്കുകയാണ് ഇപ്പോഴും മെഡിക്കൽ കോളേജുകൾ.

നിലവിലുള്ള സർക്കാർ സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അക്കാദമിക നിലവാരം ഉയർത്തുകയും, അവയിൽ മെറിറ്റിന് കൂടുതൽ പ്രാധാന്യം കിട്ടുന്ന തരത്തിലും സാമൂഹ്യനീതിയിലധിഷ്ഠിതമായ സംവരണതത്വങ്ങൾ പാലിച്ച് കൊണ്ടുമുള്ള പ്രവേശന സംവിധാനങ്ങൾ ഏർപ്പെടുത്തുക എന്നതാണ് സർക്കാറുകളുടെ അടിയന്തരകടമ. ആരോഗ്യ വിദ്യാഭ്യാസമേഖലയിൽ ദൂരകാഴ്ചയുള്ളതും സാമൂഹികബോധത്തോടെയുള്ളതുമായ നയമാണ് സർക്കാർ സ്വീകരിക്കേണ്ടത്. മാർക്കറ്റിന്റെ അന്ധമായ ചടുലതയേക്കാളും ആസൂത്രണത്തിന്റെ യുക്തിഭദ്രമായ മാർഗ്ഗമാണ് സ്വീകാര്യമായുള്ളത്.

എം.സി.ഐ (Medical Council of India) അംഗീകാരപ്രകാരം സൗകര്യമുള്ള മെഡിക്കൽ കോളേജുകൾ സ്ഥാപിക്കാനും അതിന്റെ സ്റ്റാഫ് അനുപാതം നിലനിർത്താനും വരുന്ന ചിലവ് നല്ല ഒരു സൂപ്പർസ്പെഷ്യാലിറ്റി സൗകര്യമുള്ള ആശുപത്രി സ്ഥാപിക്കുന്നതിനേക്കാൾ വളരെയധികം വരും. പിന്നോക്ക ജില്ലകളിലെ ആരോഗ്യസംവിധാനം മെച്ചപ്പെടുത്താൻ സാമ്പത്തിക ബുദ്ധിമുട്ടുകളുടെ ഈ കാലഘട്ടത്തിൽ സർക്കാറുകൾക്ക് കൂടുതൽ അഭികാമ്യം സൂപ്പർസ്പെഷ്യാലിറ്റി സംവിധാനമുള്ള ജില്ലാ-ജനറൽ ആശുപത്രികളല്ലേ എന്നു കേരളസമൂഹം വീണ്ടുവിചാരം ചെയ്യണം. ആരോഗ്യമേഖലയിലെ വിലപ്പെട്ട ധനവിഭവം മെച്ചപ്പെട്ട ത്രിതല സംവിധാനങ്ങൾ കെട്ടിപ്പടുത്തുന്നതിനും, ഉള്ളവ മെച്ചപ്പെടുത്തുന്നതിനുമല്ലേ നാം വിനിയോഗിക്കേണ്ടത്? നിലവിലുള്ള സർക്കാർ മെഡിക്കൽ കോളേജുകളിൽ ചിലതെങ്കിലും വിഭവദാരിദ്ര്യത്താൽ ഞെരുങ്ങുമ്പോൾ അവ മെച്ചപ്പെടുത്തി അന്താരാഷ്ട്രമേന്മയുള്ള സ്ഥാപനങ്ങളാക്കുന്നതിലല്ലേ നമ്മൾ ശ്രദ്ധചെലുത്തേണ്ടത്? ഇന്നീ പ്രഖ്യാപിക്കപ്പെട്ട മെഡിക്കൽ കോളേജുകൾ പൂർണരൂപത്തിൽ എത്തിക്കാൻ ചിലവിടേണ്ടുന്ന മൂലധനം നമ്മുടെ പ്രാഥമിക ആരോഗ്യസംവിധാനങ്ങളുടെ നട്ടെല്ലൊടിച്ചു കൊണ്ടാകുമോ കണ്ടെത്തുക എന്ന ആശങ്ക അസ്ഥാനത്തല്ല.

അതിനർത്ഥം നമുക്കിനി സർക്കാർ മേഖലയിൽ പുതിയ മെഡിക്കൽ കോളേജുകൾ വേണ്ടെന്നല്ല. വിഭവങ്ങളുടെ യുക്തമായ ഉപയോഗത്തിന് ദൂരകാഴ്ചയുള്ള ആസൂത്രണവും സമൂഹത്തിന്റെ യഥാർത്ഥ ആവശ്യങ്ങൾ മനസിലാക്കുന്ന പഠനങ്ങളും വേണം. നിലവിലുള്ള സർക്കാർ സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അക്കാദമിക നിലവാരം ഉയർത്തുകയും, അവയിൽ മെറിറ്റിന് കൂടുതൽ പ്രാധാന്യം കിട്ടുന്ന തരത്തിലും സാമൂഹ്യനീതിയിലധിഷ്ഠിതമായ സംവരണതത്വങ്ങൾ പാലിച്ച് കൊണ്ടുമുള്ള പ്രവേശന സംവിധാനങ്ങൾ ഏർപ്പെടുത്തുക എന്നതാണ് സർക്കാറുകളുടെ അടിയന്തരകടമ. ആരോഗ്യ വിദ്യാഭ്യാസമേഖലയിൽ ദൂരകാഴ്ചയുള്ളതും സാമൂഹികബോധത്തോടെയുള്ളതുമായ നയമാണ് സർക്കാർ സ്വീകരിക്കേണ്ടത്. മാർക്കറ്റിന്റെ അന്ധമായ ചടുലതയേക്കാളും ആസൂത്രണത്തിന്റെ യുക്തിഭദ്രമായ മാർഗ്ഗമാണ് സ്വീകാര്യമായുള്ളത്. പുതിയ എൽ.ഡി.എഫ് സർക്കാർ ഈ മേഖലയിൽ എടുത്ത ചില സുധീരമായ നടപടികൾ ഈ സന്ദർഭത്തിൽ പ്രതീക്ഷ നൽകുന്നവയാണ്.

education, Essay, Medical, Politics, Kerala, Neo-liberalism Share this Creative Commons Attribution-ShareAlike 4.0 International

Reactions

Add comment

Login to post comments