സലഫികളുടെ വി ടി ബൽറാം അഥവാ കേരളത്തിലെ മുസ്‌ലിം വിമർശകരുടെ ബൗദ്ധിക പ്രതിസന്ധികൾ

ജമാൽ കെ.പി. September 16, 2016

Image Courtesy: jagrukbharat.com


അന്യസമുദായക്കാരോട് മുസ്‌ലിംകൾ വെറുപ്പും വിദ്വേഷവും കാത്തുസൂക്ഷിക്കണം എന്നാഹ്വാനം ചെയ്തുകൊണ്ട് ശംസുദ്ധീൻ പാലത്ത് എന്ന സലഫീ പണ്ഡിതന്‍ നടത്തിയ പ്രസംഗത്തോട് പ്രതികരിച്ചു കൊണ്ട് സാമൂഹിക നിരീക്ഷകനും മുൻകാല സലഫീ പ്രവർത്തകനുമായ ഷാജഹാൻ മാടമ്പാട്ട് കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പേജിൽ എഴുതിയ കാര്യങ്ങൾ ഒന്നിലധികം കാരണങ്ങളെ കൊണ്ട് നമ്മുടെ ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു കാര്യം താൻ ഒരു സലഫീ അനുഭാവിയും സലഫി പ്രവർത്തനങ്ങൾക്ക് മുസ്‌ലിംകൾക്കിടയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും എന്നും വിശ്വസിച്ചിരുന്ന ഒരാളുമായിരുന്നു അദ്ദേഹം എന്നു തുറന്നു സമ്മതിക്കുന്നുണ്ട് എന്നതാണ്. വ്യക്തിപരമായ ഒരു വെളിപ്പെടുത്തൽ എന്ന അർത്ഥത്തിൽ അല്ല, മറിച്ച് കേരളീയ മുസ്ലിംകൾക്കിടയിൽ സലഫിസം എങ്ങിനെയാണ് സ്വാധീനം ഉണ്ടാക്കിയെടുക്കാൻ ശ്രമിച്ചത് എന്നതിനെ സംബന്ധിച്ചുള്ള ചില വിശദാംശങ്ങൾ ഷാജഹാന്റെ ഈ വ്യക്തി ചരിത്രത്തിൽ നിന്നും മനസ്സിലാക്കിയെടുക്കാൻ കഴിയും. കേരളീയ മുസ്‌ലിംകൾക്കിടയിൽ മുസ്‌ലിം നവോത്ഥാന പ്രസ്ഥാനം എന്ന നിലയിലാണ് വഹാബീ പ്രസ്ഥാനങ്ങൾ പ്രവർത്തനം ആരംഭിച്ചതും സ്വാധീനമുണ്ടാക്കിയെടുത്തതും. ഈ വൈരുദ്ധ്യത്തെ വിശദീകരിക്കാൻ ആരെങ്കിലും ശ്രമിച്ചതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. പകരം എം എൻ കാരശ്ശേരി ഉൾപ്പടെയുള്ള ഇസ്‌ലാം വിമർശകർ ഈ വൈരുദ്ധ്യത്തെ ന്യായീകരിക്കാനാണ് ശ്രദ്ധിച്ചത്. "ആ വഹാബിയല്ല, ഈ വഹാബി" എന്ന ലേഖനത്തിൽ കേരളത്തിലെ സലഫീ ചിന്തകളുടെ അടിസ്ഥാനം സഊദിയായിരുന്നില്ല, ഈജിപ്ത്യൻ സലഫീ ചിന്തകളായിരുന്നുവെന്നും അതുകൊണ്ടു തന്നെ കേരളത്തിലെ സലഫീ ചിന്താധാരയെ ഇപ്പോൾ നാം കാണുന്ന തരത്തിലുള്ള സലഫീ വിമർശനങ്ങളുടെ ഭാഗമായി കാണേണ്ടതില്ല എന്നുമാണ് കാരശ്ശേരി വാദിച്ചത്.

സലഫിസത്തിൽ വിവിധ അന്തർ ധാരകൾ ഉണ്ടെന്നതു ശരിയാണ്. പക്ഷെ, ആ അന്തർധാരകളെ മുഴുവൻ പരസ്പരം ബന്ധിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത/ചെയ്യുന്ന കണ്ണി സഊദി വഹാബിസമായിരുന്നു എന്ന വസ്തുതയെ മറച്ചു പിടിച്ചുകൊണ്ടാണ് കാരശ്ശേരി തൻറെ വാദം അവതരിപ്പിച്ചത്. ഈജിപ്ഷ്യൻ സലഫിസത്തിന്റെ വക്താക്കൾ എന്ന പേരിൽ അറിയപ്പെട്ടു പോന്നിരുന്ന റഷീദ് റിദ, ജമാലുദ്ധീൻ അഫ്‌ഗാനി തുടങ്ങിയവരുടെ ബൗദ്ധിക ചിന്തകളുടെ വേരുകൾ ചെന്നെത്തുന്നത് സഊദി വഹാബിസത്തിലേക്കാണ് എന്നു മനസ്സിലാക്കാൻ ഓർമ്മക്കുറിപ്പുകളിലും മറ്റും അവർ സ്വയം നടത്തുന്ന വെളിപ്പെടുത്തലുകളും വിശദീകരണങ്ങളും മാത്രം മതി. "ആ വഹാബിയല്ല ഈ വഹാബി" എന്നു എം. എൻ. കാരശ്ശേരി പറഞ്ഞപ്പോൾ, അങ്ങിനെയെങ്കിൽ അബ്ദുൽ അഅലാ മൗദൂദി തുടങ്ങിയ ആ ജമാഅത്തെ ഇസ്‌ലാമിയല്ല, കേരളത്തിലെ ഈ ജമാഅത്തെ ഇസ്‌ലാമി എന്നു കൂടി കാരശ്ശേരി പറയുമോ എന്നു ജമാഅത്തെ ഇസ്‌ലാമി നേതാവായ ടി. കെ. അബ്ദുല്ല മൗലവി ഒരു പ്രസംഗത്തിൽ ചോദിച്ചിരുന്നു. സത്യത്തിൽ കേരളത്തിലെ സലഫീ സംഘടനകളോടും അവരുടെ പ്രവർത്തനങ്ങളോടും പുരോഗമന മുസ്ലിംകൾ എന്നറിയപ്പെടുന്നവർ പോലും സ്വീകരിച്ച ഒരു സൗഹൃദപരമായ സമീപനത്തിന്റെ തുടർച്ചയായിരുന്നു ഈ ചർച്ചകളിൽ എല്ലാം തന്നെ നിഴലിച്ചിരുന്നത്. ഈജിപ്ഷ്യൻ സലഫിസവുമായി അബ്ദുൽ അഅലാ മൗദൂദി പുലർത്തിയിരുന്ന ബൗദ്ധികമായ കൊടുക്കൽ വാങ്ങലുകളെ കുറിച്ച് ഇവര്‍ സ്വയം രേഖപ്പെടുത്തിയ കാര്യങ്ങളെ കുറിച്ചറിയുന്ന ഒരാൾ ആ ജമാഅത്തല്ല, ഈ ജമാഅത്ത് എന്നല്ല മറിച്ച് ആ വഹാബിസം തന്നെയാണ് ഈ ജമാഅത്തെ ഇസ്‌ലാമിയും എന്നാണു പറയുക. പക്ഷെ, സലഫികളെ കുറിച്ച് അത്തരം നിലപാടുകൾ എടുക്കുന്നതിലും വിമർശിക്കുന്നതിലും മാത്രമല്ല, വിശദീകരിക്കുന്നതിൽ പോലും കേരളത്തിലെ മുസ്ലിം ബുദ്ധി ജീവികൾ എന്നറിയപ്പെടുന്നവർ പോലും പൊതുവെ ബൗദ്ധികമായി സത്യസന്ധമായ നിലപാടല്ല സ്വീകരിച്ചത് എന്നതാണ് യാഥാർഥ്യം. പകരം ഇവരിൽ പലരും പലകാലത്തുമായി സലഫീ സഹയാത്രികരായി മാറുകയായിരുന്നു. ഈ വൈരുധ്യത്തിന്റെ തുടർച്ചയായി വേണം ഇടതുപക്ഷ-ലിബറലുകൾ ഉൾപ്പടെയുള്ളവർ പോലും മുസ്ലിം നവോത്ഥാനത്തിന്റെ തുടക്കമായി കേരളീയ സലഫിസത്തിന്റെ ആദ്യ രൂപമായ മുസ്ലിം ഐക്യ സംഘത്തെ പരിഗണിക്കുന്നത്.


ഷാജഹാൻ മാടമ്പാട്ട്

രണ്ടാമത്തെ കാര്യം, സലഫിസത്തോടുള്ള അനുഭാവപൂർണ്ണമായ പരിചരണത്തെ എത്രശ്രമിച്ചിട്ടും ഷാജഹാന് കയ്യൊഴിക്കാൻ കഴിയുന്നില്ല എന്നതാണ്. ഇതും ഷാജഹാന്റെ മാത്രം പ്രത്യേകതയല്ല. കേരളത്തിലെ മുസ്ലിം ചിന്തകർ എന്നറിയപ്പെടുന്നവർ അവരുടെ ചിന്തകളിലേക്കും എഴുത്തിലേക്കും അറിഞ്ഞോ അറിയാതെയോ കൊണ്ടുവരുന്ന സംഘടനാപരമായ അവരുടെ കെട്ടുപാടുകളുടെ തുടർച്ചയാണിത്. അന്യമതസ്ഥരോട് ചിരിക്കുക പോലും ചെയ്യരുത് എന്ന ശംസുദ്ധീൻ പാലത്ത് എന്ന മാടമ്പാട്ടിന്റെ തന്നെ പഴയ സലഫി സഹയാത്രികന്റെ പ്രസംഗം കേട്ടപ്പോൾ വഹാബികളും ജമാഅത്തെ ഇസ്‌ലാമിക്കാരുമായ ആളുകളെ (അവരോടു സലാം ചൊല്ലാതിരിക്കുക, അവരുമായി വിവാഹ ബന്ധങ്ങളിൽ ഏർപ്പെടാതിരിക്കുക) സാമൂഹികമായി ബഹിഷ്കരിക്കണം എന്ന കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്ന സുന്നികളുടെ കാമ്പയിൻ ഓർമ്മ വന്നു എന്നാണദ്ദേഹം പറയുന്നത്. വഹാബികളോടുള്ള സുന്നികളുടെ അത്തരം സമീപനങ്ങളെ ശംസുദ്ധീൻ പാലത്തിന്റെ പ്രസംഗം കേട്ടതിന് ശേഷവും അസഹിഷ്ണുതയുടെ ഉദാഹരണമായി കാണുന്നിടത്താണ് ഷാജഹാൻ മാടമ്പാട്ടിന്റെ സലഫീ വിമർശനത്തിന്റെ പരിമിതി. കേരളീയ മുസ്ലിംകളെ കുറിച്ച് സാമാന്യ ധാരണയുള്ള ഏതൊരാൾക്കും വ്യക്തമായി മനസ്സിലാകുന്ന ചില വസ്തുതകളെ ഷാജഹാൻ വിദഗ്‌ധമായി മറച്ചു പിടിക്കുന്നുണ്ട്. അതിൽ ഒന്ന്, മതപരമായ വാദങ്ങൾ ഉയർത്തി സുന്നികൾ ബഹിഷ്കരിക്കണം എന്നു ആഹ്വാനം ചെയ്തതുകൊണ്ടാണ് ഷാജഹാന് വരെ ഇപ്പോൾ (മാത്രം) എതിർക്കണം എന്നു തോന്നിയ വഹാബികൾക്കും ജമാഅത്തെ ഇസ്‌ലാമിക്കും കേരളത്തിലെ മുസ്ലിം സാമാന്യ ജനത്തിന്റെ ഇടയിൽ സ്വാധീനം ഉണ്ടാക്കിയെടുക്കാൻ കഴിയാതെ പോയത് എന്ന കാര്യമാണ്. തങ്ങളെ രാഷ്ട്രീയ എതിരാളികൾ എന്നതിൽ നിന്നു മാറി മതത്തിനകത്തെ എതിരാളികൾ എന്ന നിലയിൽ സുന്നികൾ എതിർത്തതു കൊണ്ടാണ് ഇന്ത്യയിൽ തങ്ങൾക്കു (പാകിസ്ഥാനിലെയോ, ബംഗ്ളാദേശിലെയോ പോലെ) ജനകീയ സ്വാധീനം ഉണ്ടാക്കിയെടുക്കാൻ കഴിയാതെ പോയതെന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ അഖിലേന്ത്യാ ഉപ അമീറായ ആരിഫലി തന്നെ ഒരഭിമുഖത്തിൽ പറയുന്നുണ്ട്. 1989 ലെ സമസ്തയിലെ പിളർപ്പിലേക്ക് കാര്യങ്ങളെ കൊണ്ടു ചെന്നെത്തിച്ചതിലെ ഒരു പ്രധാന ഘടകം തന്നെ, സലഫീ - ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ വിഭാഗങ്ങളുമായി പുലർത്തേണ്ട സമീപനത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സ്വീകരിച്ച കൂടുതൽ കർക്കശമായ നിലപാടാണ്. ഈ വിഭാഗങ്ങളോട് മുസ്ലിംകളുടെ അഭിവാദന രീതിയായ സലാം ചൊല്ലൽ പാടില്ല എന്ന പരാമർശമുള്ള ഭാഗം മദ്രസ്സ പാഠ പുസ്തകങ്ങളിൽ നിന്നു നീക്കിയ ഇ കെ അബൂബക്കർ മുസ്ലിയാരുടെ തീരുമാനത്തെ ചോദ്യം ചെയ്തതായിരുന്നു തർക്കങ്ങളുടെ ഒരു തുടക്കം. ഷാജഹാൻ അവകാശപ്പെടുന്നതു പോലെ സലഫികളെയും ജമാഅത്തെ ഇസ്‌ലാമിക്കാരെയും ബഹിഷ്കരിക്കണം എന്ന തീരുമാനമോ കാമ്പയിനോ സമസ്തയിലെ പിളർപ്പിന് ശേഷം ഉണ്ടായ ഒന്നല്ല. തർക്കുൽ മുവാലത്ത് (സലഫീ ആശയക്കാരുമായുള്ള ബന്ധ വിച്ഛേദനം) സമസ്തയുടെ ആദ്യത്തെ തീരുമാനങ്ങളിൽ ഒന്നായിരുന്നു. സമസ്തയുടെ ആദ്യകാല നേതാവായ അഹമ്മദ് കോയ ശാലിയാത്തി ഇക്കാര്യം വിശദീകരിച്ചു കൊണ്ടു ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്. ഒരർഥത്തിൽ സമസ്തയുടെ രൂപീകരണത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നു സലഫീ ആശയം പ്രകടിപ്പിക്കാൻ രൂപീകരിച്ച മുസ്ലിം ഐക്യ സംഘത്തെ തുറന്നു കാണിക്കുക എന്നുള്ളതായിരുന്നു. മനസ്സിലാകാത്ത ഒരു കാര്യം, ശംസുദ്ധീൻ പാലത്തിനെ പോലുള്ള സലഫികളുടെ ബന്ധം വിച്ഛേദിക്കണം എന്ന സുന്നികളുടെ ആഹ്വാനത്തെ എങ്ങിനെയാണ് ഷാജഹാന് സുന്നികളുടെ അസഹിഷ്ണുതയുടെ ഉദാഹരണമായി കാണാൻ കഴിയുന്നത് എന്നതാണ്?. മതത്തിനകത്തെ ഏതു ആശയ ധാരയോടുള്ള കൂറാവണം മുൻകാല സലഫീ സഹയാത്രികനായ മാടമ്പാട്ടിനെ അത്തരമൊരു നിലപാടെടുക്കാൻ പ്രേരിപ്പിക്കുന്നത്?. സലഫീ പശ്ചാത്തലമുള്ള ചെറുപ്പക്കാരുടെ കേരളത്തിൽ നിന്നുള്ള തിരോധാനം, അവർ ഐ എസ്സിൽ ചേർന്നിരിക്കാം എന്നുള്ള രക്ഷിതാക്കൾ ഉൾപ്പടെയുള്ളവരുടെ ആശങ്കകൾ, സലഫീ ആശയ ധാരയെ പിന്തുടരുന്ന സകീർ നായിക്കുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടങ്ങിയവയുടെ പാശ്ചാത്തലത്തിൽ കേരളത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സലഫീ വിമർശനങ്ങളുടെ പരിമിതികളിലേക്കു കൂടിയാണ് ഷാജഹാന്റെ നിലപാട് വിരൽ ചൂണ്ടുന്നത്. ആ പരിമിതികളെ സ്വയം ആന്തരികവത്കരിച്ചു കൊണ്ടാണ് ഷാജഹാനും മറ്റു സലഫീ വിമർശകരും അവരുടെ നിലപാടുകളും സമീപനങ്ങളും ഇപ്പോൾ രൂപീകരിച്ചു കൊണ്ടിരിക്കുന്നത്. ചോദ്യം വളരെ ലളിതമാണ്. എന്തുകൊണ്ടാണ് ഷാജഹാൻ മാടമ്പാട്ട്, അല്ലെങ്കിൽ അഷ്‌റഫ് കടക്കൽ, അല്ലെങ്കിൽ അതേ പോലെയുള്ള ആളുകൾ, സലഫിസത്തെ എതിർക്കുന്നത്?. കേരളത്തിൽ നിന്നും സലഫീ യുവാക്കൾ ഐ എസിലേക്ക് ചേരാൻ പോയത് കൊണ്ടാണോ?, ശംസുദ്ധീൻ പാലത്ത് അസഹിഷ്ണുത പ്രസംഗിച്ചത് കൊണ്ടാണോ?. ഇതൊന്നും ഉണ്ടായിരുന്നില്ലെങ്കിൽ ഇവരുടെയൊക്കെ സലഫികളോടുള്ള നിലപാട് എന്തായിരിക്കുമായിരുന്നു?. ഇങ്ങിനെയൊന്നുമുള്ള സംഭവങ്ങൾ ഇല്ലാതിരുന്ന ഒരു കാലത്ത് സലഫീ പ്രസ്ഥാനത്തിൽ ആകൃഷ്ടനായി എന്നാണു ഷാജഹാൻ തന്നെ പറയുന്നത്. അപ്പോൾ എന്തായിരിക്കും ആ നിലപാട് എന്നു ഊഹിക്കാവുന്നതല്ലേയുള്ളൂ. കേരളത്തിലെങ്കിലും സലഫികൾക്കു അവരുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഇമേജ് ഉണ്ടായിരുന്ന കാലത്താണ് സുന്നികൾ അവരെ ബഹിഷ്കരിക്കണം എന്നു ആവശ്യപ്പെടുന്നതും കാമ്പയിനുകൾ നടത്തിയതും എന്നതാണ് ഏറെ കൗതുക കരമായി തോന്നുന്നത്. അപ്പോൾ ചോദ്യം രീതി ശാസ്‌ത്രപരമായി നിങ്ങൾക്ക് സലഫിസത്തോടുള്ള സമീപനം എന്താണ് എന്നുള്ളതാണ്.


എം. എൻ. കാരശ്ശേരി

അത്തരം അടിസ്ഥാനപരമായ ചോദ്യത്തെ അഭിമുഖീകരിക്കാൻ ശ്രമിക്കാതെ ശംസുദ്ധീൻ പാലത്ത്, ഐ എസ്, അസഹിഷ്ണുത എന്നിങ്ങനെ വാചകമടിച്ചിട്ടു കാര്യമുണ്ടെന്നു തോന്നുന്നില്ല. രീതി ശാസ്‌ത്രപരമായി ആ ചോദ്യത്തെ അഭിമുഖീകരിക്കാൻ കഴിയാത്തതു കൊണ്ടാണ് സമസ്ത, ജമാഅത്തെ ഇസ്‌ലാമി എന്നിങ്ങനെ കേരളത്തിലെ മുസ്ലിം സംഘടനകളെയൊക്കെ പേരെടുത്തു വിചാരണ ചെയ്യുമ്പോഴും പല മുസ്ലിം ബുദ്ധിജീവികൾക്കും മൗലവി, മടവൂർ വിഭാഗം സലഫികളോട് അത്തരത്തിലുള്ള ഒരു സമീപനം പുലർത്താൻ കഴിയാതെ പോകുന്നത്. മുസ്ലിംകളുടെ തന്നെ മുൻകൈയിൽ കേരളത്തിൽ നടക്കുന്ന മുസ്ലിം വിമർശനങ്ങളുടെ പരിമിതിയുടെ തുടർച്ചയാണിത്. രീതി ശാസ്ത്രപരമായ സമീപനങ്ങൾ സ്വീകരിക്കുന്നതിനു പകരം, സംഘടനാപരമായ ബന്ധങ്ങൾ, സൗഹൃദങ്ങൾ, അകൽച്ചകൾ, ശത്രുതകൾ എന്നിവയാണ് പലരുടെയും വിമർശനങ്ങളുടെ അടിസ്ഥാനം. അങ്ങിനെ വരുമ്പോഴാണ് ഒരു പഴയകാല സലഫീ പ്രവര്ത്തകന്, പ്രത്യേകിച്ചും പിന്നീട് മടവൂർ വിഭാഗം എന്ന പേരിൽ അറിയപ്പെട്ട അതിലെ ധാരയോട് കൂറ് പുലർത്തിപ്പോന്ന ഒരാൾക്കു സഊദി അറേബ്യൻ സലഫീ പണ്ഡിതനായ സലാഹ് ഫൗസാന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ശംസുദ്ധീൻ പാലത്തിനെ മാത്രം വിചാരണ ചെയ്യുകയും, സലാഹ് ഫൗസാന്റെ തന്നെ സമാനമായ മറ്റു ആശയങ്ങൾ പ്രചരിപ്പിക്കുന്ന മറ്റു സലഫീ വിഭാഗങ്ങളെ വെറുതെ വിടുകയും ചെയ്യേണ്ടി വരുന്നത്?. സംഘടനാപരമായ ഇത്തരം പരിമിതികളിൽ നിന്നു മുസ്ലിം സ്‌കോളർഷിപ്പിന്, അതിലെ ആഭ്യന്തര വിമർശനങ്ങൾക്ക് മോചിതമാകാൻ കഴിയുമോ എന്നതാണ് പുതിയ തലമുറ മുസ്ലിം ഗവേഷകരും ആലോചകരും നേരിടുന്ന രീതിശാസ്ത്രപരമായ പ്രതിസന്ധി. ആ പ്രതിസന്ധിയെ അഭിമുഖീകരിക്കാത്ത പക്ഷം ആ വഹാബിയല്ല, ഈ വഹാബി യെന്നും ആ ജമാഅത്തല്ല ഈ ജമാഅത്തു എന്നുമൊക്കെ പറയുന്നതും കേട്ടിരിക്കാനായിരിക്കും നമ്മുടെ ദുര്യോഗം. സംഘടനാപരമായ ഇത്തരം ശാഠ്യങ്ങളിൽ നിന്നും കെട്ടുപാടുകളിൽ നിന്നും മോചിതമാകാത്തതു കൊണ്ടു തന്നെയാണ് സാക്ഷരതയിലും മറ്റു ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും കേരളത്തെക്കാൾ എത്രയോ പിറകിലായി ബിഹാറിൽ നിന്നു പോലും ലോകത്തെ അറിയപ്പെടുന്ന മുസ്ലിം അക്കാദമിക്കുകൾ ഉണ്ടായിട്ടും വാളയാർ ചുരത്തിനപ്പുറം അറിയപ്പെടുന്ന ഒരു മുസ്ലിം ബുദ്ധി ജീവി പോലും കേരളത്തിൽ നിന്നും ഇല്ലാതെ പോയത്. ഷാജഹാന്റെ പോസ്റ്റ് വായിച്ചപ്പോൾ മുമ്പ് ജനകീയാസൂത്രണത്തെ സാമ്രാജ്യത്വ ഇടപെടലുകളുടെ ഭാഗമായി അവതരിപ്പിച്ച ബർലിൻ കുഞ്ഞനന്തൻ നായർ നടത്തിയ 'വെളിപ്പെടുത്തലുകളോട്" പ്രതികരിച്ചു കൊണ്ടു ഷാജഹാൻ കലാ കൗമുദിയിൽ എഴുതിയ ലേഖനം ഓർത്തുപോയി. വിമർശനങ്ങൾ ഉന്നയിക്കുന്നവർ അതിലെ ന്യായാന്യായങ്ങൾ എത്രമാത്രം സ്വയം ബാധകമാക്കാൻ തയ്യാറുണ്ട് എന്ന ഒരു പ്രധാനപ്പെട്ട ചോദ്യം ആ ലേഖനത്തിൽ ഷാജഹാൻ ഉയർത്തുന്നുണ്ട്‌. ആ ചോദ്യം ഷാജഹാന് മാത്രം ബാധകമല്ല എന്നില്ലല്ലോ? അമേരിക്കൻ സാമ്രാജ്യത്വത്തെ എതിർക്കാൻ ഇറങ്ങിയ ഔദ്യോഗിക വിഭാഗം മുജാഹിദുകളോട് ഷാജഹാൻ പറയുന്നു; "സാമ്രാജ്യത്വത്തെ എതിർക്കണം എന്നുണ്ടെങ്കിൽ മുജാഹിദുകൾ ആദ്യം ചെയ്യേണ്ടത് അതേ സാമ്രാജ്യത്വത്തെ എല്ലാ നിലയിലും വെള്ള പൂശുന്ന സഊദി അറേബ്യയിൽ നിന്നുള്ള ഭരണ-ഉദ്യോഗസ്ഥ പ്രമുഖരെ കേരളത്തിൽ എഴുന്നെള്ളിക്കുന്ന മുജാഹിദുകൾ ആ പ്രതിഷേധം ഗൾഫ് രാജ്യങ്ങളോട് പ്രകടിപ്പിച്ചു കൊണ്ടാണ്ക്കേ. മുജാഹിദുകൾ അതിനുള്ള ധൈര്യം കാണിക്കാത്തത് അവരുടെ കഞ്ഞി കുടി മുട്ടിപ്പോകും എന്നതുകൊണ്ടാണെന്നും ഷാജഹാൻ പറയുന്നു. വൈരുധ്യം എന്നോ വിരോധാഭാസം എന്നോ പറയട്ടെ, ജനാധിപത്യ വിരുദ്ധമായ നിലയിൽ പ്രവർത്തിക്കുന്ന, ഒരു പ്രത്യേക കുലത്തിൽ ജനിച്ചു എന്നതുകൊണ്ട് മാത്രം ഒരാൾ ഭരണാധികാരിയാകുന്ന ഒരു ഇസ്‌ലാമിക രാജ്യത്തെ ഭരണകൂടത്തിന്റെ പബ്ലിക് റിലേഷൻ വിഭാഗത്തിന്റെ ചുമതലക്കാരനായ ഒരാളാണ് കേരളത്തിലെ മുസ്ലിംകളോട് ആന്തരികമായി ജനാധിപത്യവത്കരിക്കാൻ ആവശ്യപ്പെടുന്നത് എന്നതിനേക്കാൾ വലിയ തമാശ മറ്റേതെങ്കിലും ഉണ്ടോ?. സത്യത്തിൽ ഇത്തരം വൈരുധ്യങ്ങളും വിരോധാഭാസങ്ങളും തന്നെയാണ് മറ്റെവിടെയും പോലെ കേരളത്തിലെ മുസ്ലിം വിമർശനങ്ങളും നേരിടുന്ന പ്രധാന പരിമിതിയും പ്രതിസന്ധിയും. ആ വെല്ലു വിളി ഏറ്റെടുക്കാൻ ആർക്കു കഴിയും എന്നതാണ് ചോദ്യം. കാരശ്ശേരിയെ പോലുള്ള ഇടതു ലിബറൽ ചിന്തകരോ,ഷാജഹാനെയും അഷ്റഫിനെയും പോലുള്ള ആധുനിക മുസ്ലിംകൾ എന്നു പറയുന്നവരോ നൽകുന്ന മുസ്ലിം സമൂഹത്തെ കുറിച്ചു നൽകുന്ന വിവരണങ്ങളിൽ നിന്നും അത്തരം ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ കഴിയുന്ന വിഭവങ്ങൾ കണ്ടെത്താൻ കഴിയില്ല. മുസ്ലിം നവോഥാന പ്രസ്ഥാനമായി ഇത്തരം ആളുകൾ പരിചയപ്പെടുത്തിയ സലഫികളിൽ നിന്നും അന്യമത വിദ്വോഷവും അക്രമവും പ്രചരിപ്പിക്കുന്ന ശംസുദ്ധീൻ പാലത്തുമാരും ഐ എസിലേക്ക് കുടിയേറുന്നവരും ഉണ്ടാകുന്നു എന്നതിന്റെയർഥം സലഫിസത്തെ കുറിച്ച് അവർ നൽകിയ വിവരണങ്ങൾ തന്നെ തെറ്റായിരുന്നു എന്നാണു. കേരളീയ മുസ്ലിം സമൂഹത്തിലെ തെറ്റായ പ്രവണതകളെ നിങ്ങൾക്ക് ഇത്രകാലത്തിനു ശേഷവും മാറ്റിയെടുക്കാൻ കഴിയുന്നില്ലെങ്കിൽ അതിന്റെ അർഥം ആ സമൂഹത്തെ കുറിച്ച് നിങ്ങൾ പറയുന്ന കഥയിലും സാരമായ പിഴവുകൾ ഉണ്ടെന്നാണ്. സത്യസന്ധമായി കഥപറയുന്ന ആ ഒരു കഥാകാരനെയാണ് മുസ്ലിംകൾ കാത്തിരിക്കുന്നത്.

Essay, Kerala Muslims, Politics, Salafism, Wahabism, India, Kerala, Secularism, Struggles Share this Creative Commons Attribution-ShareAlike 4.0 International

Reactions

Add comment

Login to post comments