മതവും പരിസ്ഥിതിയും ആത്മീയതയും

ബിനു രാധാകൃഷ്ണൻ June 11, 2016

ഇന്നത്തെ നിലയില്‍ മതം പ്രാഥമികമായി ഒരു ഭൗതിക വ്യവഹാരമാണ്. യുക്തിചിന്തയുടേയും ശാസ്ത്രത്തിന്‍റേയും വികാസത്തോടെ ദാര്‍ശനികവും രാഷ്ട്രീയവുമായ മേല്‍ക്കോയ്മ നഷ്ടപ്പെട്ട മതം ഇന്നു നിലവിലുള്ള വ്യവസ്ഥയുടെ ഭാഗമായി പരിണമിച്ചുകൊണ്ടാണ് നിലനില്ക്കുന്നത്. മതകാര്യസ്ഥര്‍ കോര്‍പ്പറേറ്റ് പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതും കഴിവുറ്റ മാനേജര്‍മാരായി നമ്മുടെയിടയില്‍ പ്രത്യക്ഷപ്പെടുന്നതും ഇക്കാരണത്താലാണ്. അതു കൊണ്ട് മതത്തെ ഒഴിവാക്കി നിര്‍ത്തിക്കൊണ്ട് ആത്മീയതയെ പറ്റി ചര്‍ച്ച ചെയ്യുകയാണ് ഇവിടെ ഉചിതമെന്നു തോന്നുന്നു.

മനുഷ്യനും അവന്‍/അവള്‍ വര്‍ത്തിക്കുന്ന പ്രപഞ്ചവുമായുള്ള ബന്ധത്തിന്‍റെ സവിശേഷമായ ഒരു തലമായി ആത്മീയതയെ നിര്‍വചിക്കുകയാണെങ്കില്‍ ചില സാധ്യതകള്‍ തുറന്നു വരുന്നതായി കാണാം. അത്തരമൊരു ബന്ധത്തിന് വ്യക്തിപരവും സാമൂഹികവുമായ മാനങ്ങളുണ്ട്. ഒരു വ്യക്തിക്ക്/സമൂഹത്തിന് തന്‍റെ/അതിന്‍റെ ഭൗതികസാഹചര്യവുമായുള്ള 'ഭാവാത്മക' ബന്ധമായി ആത്മീയതയെ നിര്‍വചിക്കാവുന്നതാണ്. അങ്ങനെ വരുമ്പോള്‍ വ്യക്തികള്‍ക്ക് മാത്രമല്ല സമൂഹങ്ങള്‍ക്കും അവയുടേതായ 'നിലനില്ക്കുന്ന' ഒരു ആത്മീയത ഉണ്ടെന്നു പറയേണ്ടിവരും. കുറേക്കൂടി ലളിതമായി പറഞ്ഞാല്‍ ഒരു വ്യക്തിയോ അല്ലെങ്കില്‍ സമൂഹമോ അതിന്‍റെ ജീവിതപ്രക്രിയയില്‍ ചുറ്റുമുള്ള ലോകത്തോട് അനുവര്‍ത്തിക്കുന്ന ഭാവമാണ് അതിന്‍റെ ആത്മീയത. അത് കേവലമല്ല. അത് ദര്‍ശനങ്ങളിലോ,ഉദ്ബോധനങ്ങളിലോ ആചാരാനുഷ്ഠാനങ്ങളിലോ മാത്രം-പലപ്പോഴും അവയില്‍ കൂടി പ്രകടമാകുന്നുവെങ്കിലും- നിലനില്ക്കുന്ന ഒന്നല്ല. അത് ആപേക്ഷികവും ഓരോ നിമിഷത്തിലൂടെയും ഉരുത്തിരിയുന്നതുമായ ഒന്നാണ്. അത് ഏറ്റക്കുറച്ചിലുകള്‍ക്ക് വിധേയമാണ്. ആര്‍ദ്രതയോടും സര്‍ഗാത്മകതയോടൂമൊപ്പം ഉയരുകയും ചൂഷണവും ഹിംസയും വര്‍ദ്ധിക്കുമ്പോള്‍ വീഴുകയും ചെയ്യുന്നതാണ് അതിന്‍റെ മാപിനി.

ആത്മീയത ആന്തരികമായ ഒരു ഭാവത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെങ്കിലും ഒരു വ്യക്തിയുടേയോ സമൂഹത്തിന്‍റേയോ ആത്മീയമായ 'നില' ഭൗതികലോകത്ത് ആഴത്തില്‍ പ്രതിഫലിക്കുന്നു. അളക്കാന്‍ സാധിക്കുന്നതല്ലെങ്കില്‍ കൂടി അതിന് ഒരുതരം വസ്തുനിഷ്ഠതയുണ്ട്. വ്യക്തിയുടെ/സമഷ്ടിയുടെ ജീവിതപ്രക്രിയയിലൂടെ നിരന്തരം വെളിപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണത്. സാധാരണയായി ആത്മീയത ആരോപിക്കപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ ഏവരും നിര്‍മ്മല ഹൃദയരായതു കൊണ്ട് ദൈനംദിന സാഹചര്യങ്ങളിലാണ് അതിന്‍റെ സാധ്യതകള്‍ തുറന്നു വരുന്നതെന്നു കൂടി പറയാവുന്നതാണ്

ഒരു വ്യക്തിക്ക്/സമൂഹത്തിന് തന്‍റെ/അതിന്‍റെ ഭൗതികസാഹചര്യവുമായുള്ള 'ഭാവാത്മക' ബന്ധമായി ആത്മീയതയെ നിര്‍വചിക്കാവുന്നതാണ്. അങ്ങനെ വരുമ്പോള്‍ വ്യക്തികള്‍ക്ക് മാത്രമല്ല സമൂഹങ്ങള്‍ക്കും അവയുടേതായ 'നിലനില്ക്കുന്ന' ഒരു ആത്മീയത ഉണ്ടെന്നു പറയേണ്ടിവരും. കുറേക്കൂടി ലളിതമായി പറഞ്ഞാല്‍ ഒരു വ്യക്തിയോ അല്ലെങ്കില്‍ സമൂഹമോ അതിന്‍റെ ജീവിതപ്രക്രിയയില്‍ ചുറ്റുമുള്ള ലോകത്തോട് അനുവര്‍ത്തിക്കുന്ന ഭാവമാണ് അതിന്‍റെ ആത്മീയത. അത് കേവലമല്ല. അത് ദര്‍ശനങ്ങളിലോ,ഉദ്ബോധനങ്ങളിലോ ആചാരാനുഷ്ഠാനങ്ങളിലോ മാത്രം-പലപ്പോഴും അവയില്‍ കൂടി പ്രകടമാകുന്നുവെങ്കിലും- നിലനില്ക്കുന്ന ഒന്നല്ല.

ആത്മീയതയെ ഇങ്ങനെ വിട്ടുകൊണ്ട് നമുക്കു പരിസ്ഥിതിയുടെ കാര്യത്തിലേക്ക് വരാം. പരിസ്ഥിതിനാശത്തെ സംബന്ധിച്ച ആശങ്കകള്‍ക്ക് ഏറ്റവും ചുരുങ്ങിയത് വ്യാവസായിക വിപ്ലവത്തോളമെങ്കിലും പഴക്കമുണ്ട്.. വ്യാവസായികവല്‍ക്കരണത്തിന്‍റെ അനന്തരഫലങ്ങളെ പറ്റിയുള്ള എംഗത്സിന്‍റെ നിരീക്ഷണങ്ങള്‍ക്ക് ഒരു നൂറ്റാണ്ടിന്‍റെ പഴക്കമുണ്ടെങ്കില്‍ റേച്ചല്‍ കാര്‍സന്‍റെ 'നിശബ്ദ വസന്തം' പുറത്തു വന്നിട്ട് അരനൂറ്റാണ്ടിലേറെയായി. 'ഗ്രീന്‍ പീസ്' പാശ്ചാത്യലോകം കേന്ദ്രീകരിച്ചാണെങ്കില്‍കൂടി ദശകങ്ങളായി പ്രവര്‍ത്തിച്ചു വരികയും ബദല്‍ പ്രസ്ഥാനമെന്ന നിലവിട്ട് വ്യവസ്ഥാപിതമായ അവസ്ഥയിലെത്തുകയും ചെയ്തിരിക്കുന്നു. ഭൗമ ഉച്ചകോടികളും കാലാകാലങ്ങളില്‍ നടന്നുവരുന്നു. തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കാനുദ്ദേശിച്ചുള്ള 1971-ലെ റംസര്‍ കരാറും ക്യോട്ടോ പ്രോട്ടോക്കോളുമൊക്കെ നമ്മുടെ സാമാന്യവിജ്ഞാനത്തിന്‍റെ ഭാഗമായിരിക്കുന്നു.

നമ്മുടെ നാട്ടിലും ഈ വിഷയത്തിലുള്ള ചര്‍ച്ചകള്‍ ഒരു പുതിയ കാര്യമല്ല. എന്നാല്‍ കഴിഞ്ഞ രണ്ടു ദശകങ്ങളായി പരിസ്ഥിതി ചര്‍ച്ചകളിലും പ്രവര്‍ത്തനങ്ങളിലും കാതലായ ഒരു മാറ്റം സംഭവിച്ചതായി കാണാം. പരിസ്ഥിതിനാശം സാധാരണ ജീവിതപ്രശ്നങ്ങളുടെ ഭാഗവും പാരിസ്ഥിതിക ബോധം സാമാന്യ ബോധത്തിന്‍റെ ഭാഗമാകുകയും ചെയ്തു എന്നതാണ് ആ മാറ്റം. പൊതുവില്‍ കവികളുടേയും തോള്‍സഞ്ചിക്കാരായ ബുദ്ധിജീവികളുടേയും മറ്റ് 'അന്തരീക്ഷവാസി'കളുടേയും വകുപ്പായി തങ്ങള്‍ എഴുതിത്തള്ളിയിരുന്ന 'പാരിസ്ഥിതികപ്രശ്നം' തങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന ഒന്നാണെന്ന് സാധാരണ ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. തല്‍ഫലമായി മാലിന്യസംസ്കരണം മുതല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വരെയുള്ള വിഷയങ്ങളില്‍ നാടെങ്ങും കൊടുമ്പിരികൊണ്ട് ചര്‍ച്ചകള്‍ നടക്കുന്നു. ഒപ്പം ബദല്‍ ജീവിതരീതികളെ കുറിച്ചുള്ള അന്വേഷണങ്ങളും പുരോഗമിക്കുന്നു. 'ചുറ്റുപാടുകള്‍' തീരെ മോശമായാല്‍ ജീവിതം മുന്നോട്ടു പോകില്ലെന്ന കാര്യത്തില്‍ ഇപ്പോള്‍ ആര്‍ക്കും തര്‍ക്കമില്ല.

എന്നാല്‍ ചില 'നാടന്‍ പ്രയോഗങ്ങള്‍' കൊണ്ട് ചുറ്റുപാടുകള്‍ മെച്ചപ്പെടുത്തിയാല്‍ നമ്മുടെ പ്രതിസന്ധിക്കു പരിഹാരമാകുമോ? അപ്രത്യക്ഷമാകുന്ന ജലസ്രോതസ്സുകള്‍ക്ക് മഴവെള്ള സംഭരണി ബദലല്ലാത്തതുകൊണ്ടൂം മാലിന്യസംസ്കരണത്തിന്‍റെ പുതുരീതികള്‍ പ്രകാശവേഗത്തില്‍ തിരിയുന്ന ഉല്പാദന-ഉപഭോഗചക്രത്തിനു് മറുപടിയല്ലാത്തത് കൊണ്ടും പാരിസ്ഥിതിക സമസ്യയുടെ ഉത്തരം കണ്ടെത്താന്‍ നമുക്ക് കൂടുതല്‍ ആഴത്തില്‍ തിരയേണ്ടിവരും.

ഈ വിഷയത്തെ നമുക്ക് വളരെയെളുപ്പം സര്‍വവ്യാപിയായ കമ്പോളത്തിന്‍റെ കടയ്ക്കല്‍ കൊണ്ട് കെട്ടാമെങ്കിലും കാതലായ ചോദ്യങ്ങള്‍ ശേഷിക്കുകയാണ്: എന്തുകൊണ്ടാണ് കമ്പോളം അതിവേഗം വളരുന്ന ഭീമന്‍ 'ഹള്‍ക്ക്' ആയി മാറിയത്? എന്തു കൊണ്ടാണ് കമ്പോള യുക്തികള്‍-ഉല്പാദനത്തിന്‍റേയും വിപണത്തിന്‍റേയും സങ്കേതങ്ങള്‍-അതിവേഗം വികസിക്കുകയും അതിന് സമകാലികമായി ഉയര്‍ന്നു വന്ന മാനവികയുക്തികള്‍ ക്ഷയിക്കുകയും ചെയ്യുന്നത്? എന്തുകൊണ്ടാണ് നമ്മെ സംരക്ഷിക്കേണ്ട ആത്മീയനേതാക്കളും രാഷ്ട്രീയക്കാരുമൊക്കെ കമ്പോളത്തിനു വഴിപ്പെട്ടുപോകുന്നത്? എന്തുകൊണ്ടാണ് ബദല്‍ രാഷ്ട്രീയത്തെ ഫണ്ടുകള്‍ വിഴുങ്ങുന്നത്?

ആവശ്യത്തിനനുസരിച്ച് ഉല്പാദനം എന്ന തത്വം തലതിരിഞ്ഞിരിക്കുന്നു.' ഞങ്ങള്‍ക്ക് നിരന്തരം ഉല്പാദിപ്പിക്കേണ്ടതുണ്ട് അതിനാല്‍ നിങ്ങള്‍ നിരന്തരം ഉപഭോഗം ചെയ്യുവിന്‍' എന്നാണ് കമ്പോളം നമ്മോട് പറയുന്നത്. വ്യക്തിയുടേയും സമൂഹത്തിന്‍റെ ആവശ്യങ്ങളില്‍ നിന്ന് വേറിട്ടും പുതിയ അവശ്യങ്ങളെ സൃഷ്ടിച്ചുകൊണ്ടുമാണ് കമ്പോളത്തിന്‍റെ അന്തം വിട്ടുള്ള പോക്ക്. ആ പോക്കില്‍ അത് പ്രകൃതിയിലെ സകലതിനേയും ചുഴലിപോലെ വലിച്ചെടുക്കുകയും ശിഥിലമാക്കി പുറന്തള്ളുകയും ചെയ്യുന്നു.

ഒരു പക്ഷേ ഉപഭോഗമെന്ന ഒറ്റ ലക്ഷ്യത്തിലേക്ക് സാമൂഹികപ്രക്രിയയെയാകെ ചുരുക്കാന്‍ കഴിഞ്ഞു എന്നതാവാം അതിനു നേരിടേണ്ടി വന്ന ബഹുമുഖശക്തികള്‍ക്കെതിരെ വിജയം കൈവരിക്കാന്‍ കമ്പോളത്തെ പ്രാപ്തമാക്കിയത്. ഉപഭോഗം പോലെ ലളിതവും വശ്യവുമായ ഒരു പ്രത്യയശാസ്ത്രത്തെ വേണ്ടവിധം നേരിടുന്നതില്‍ മതങ്ങളും ജനകീയ ഭരണകൂടങ്ങളും സാംസ്കാരികലോകവുമൊക്കെ ഒന്നുപോലെ പരാജയപ്പെട്ടു. കാരണം അവയൊക്കെ 'നാളെയെ'പറ്റി സംസാരിച്ചപ്പോള്‍ ഉപഭോഗം 'ഇന്നിനെ' പറ്റിയുള്ളതായിരുന്നു. കലയും സംഗീതവുമൊക്കെ കേവലം ഉപഭോഗവസ്തുക്കള്‍ മാത്രമായി പരിണമിച്ചു. പരിസ്ഥിതിപ്രവര്‍ത്തനവും രാഷ്ട്രീയവുമൊക്കെ ജീവന്‍മരണപ്രശ്നത്തേക്കാളേറെ ഒരു ഫാഷന്‍ മാത്രമായി. സഫലമായ ജീവിതത്തിന്‍റെ പ്രധാന അളവുകോലായി ഉപഭോഗം മാറി.

ഇങ്ങനെ ഒരു വശത്ത് ഉപഭോഗത്തിലാറാടുമ്പോഴും മറുവശത്ത് ഉല്പാദന ഉപകരണങ്ങള്‍ എന്ന നിലയില്‍ നിശിതമായ ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ് നാം. ഒരേസമയം ഭോഷനായ രാജാവും ഗതിയില്ലാത്ത അടിമയും എന്നതാണ് ആധുനിക മനുഷ്യന്‍റെ നില ('isolated atoms of consumption and obedient tools of production' എന്നു ചോംസ്കി). ആവശ്യത്തിനനുസരിച്ച് ഉല്പാദനം എന്ന തത്വം തലതിരിഞ്ഞിരിക്കുന്നു.' ഞങ്ങള്‍ക്ക് നിരന്തരം ഉല്പാദിപ്പിക്കേണ്ടതുണ്ട് അതിനാല്‍ നിങ്ങള്‍ നിരന്തരം ഉപഭോഗം ചെയ്യുവിന്‍' എന്നാണ് കമ്പോളം നമ്മോട് പറയുന്നത്. വ്യക്തിയുടേയും സമൂഹത്തിന്‍റെ ആവശ്യങ്ങളില്‍ നിന്ന് വേറിട്ടും പുതിയ അവശ്യങ്ങളെ സൃഷ്ടിച്ചുകൊണ്ടുമാണ് കമ്പോളത്തിന്‍റെ അന്തം വിട്ടുള്ള പോക്ക്. ആ പോക്കില്‍ അത് പ്രകൃതിയിലെ സകലതിനേയും ചുഴലിപോലെ വലിച്ചെടുക്കുകയും ശിഥിലമാക്കി പുറന്തള്ളുകയും ചെയ്യുന്നു. നാം തന്നെ സൃഷ്ടിച്ച ഒരു അഭൗമശക്തിയുടെ കാര്യകര്‍ത്താക്കള്‍ മാത്രമായി ഒരു വംശമെന്ന നിലയില്‍ നാം അധഃപതിച്ചിരിക്കുന്നു. ഇതാണ് നാം നേരിടുന്ന പാരിസ്ഥിതിക ദുരന്തത്തിന്‍റെ കാതല്‍.

ഈ അവസ്ഥയ്ക്ക് സാങ്കേതികമായ പരിഹാരങ്ങളില്ല. ചില തിരിച്ചറിവുകള്‍ കൊണ്ട് മാത്രം മറികടക്കാവുന്ന ഒരു സാഹചര്യവുമല്ല ഇത്. സമഗ്രതലസ്പര്‍ശിയായ ഒരു രാഷ്ട്രീയ പരിഹാരമാണ് അതിനു മറുമരുന്ന്. എന്നാല്‍ അത്തരമൊരു രാഷ്ട്രീയത്തിനുള്ള ശേഷി നമ്മിലിപ്പോഴുമുണ്ടോ? പുതിയ ഒരു വ്യവസ്ഥിതിയെ സ്വപ്നം കാണാനുള്ള ഭാവനാശക്തി നമ്മിലവശേഷിക്കുന്നുണ്ടോ? കമ്പോളവ്യവസ്ഥ മുന്നോട്ടു വയ്ക്കുന്ന കള്ളനാണയങ്ങളായ കണ്‍സ്യൂമറിസത്തേയും കരിയറിസത്തേയും തിരസ്കരിക്കാനുള്ള ആന്തരികമായ ബലം നമുക്കുണ്ടോ?

പ്രകൃതിയുമായുള്ള മാനവരാശിയുടെ ബന്ധത്തെ ശോഭനമായ രീതിയില്‍ പുനര്‍നിര്‍മിക്കാന്‍ പോന്ന അത്തരം ശേഷിയും ഭാവനാശക്തിയും ബലവും നമുക്കുണ്ടെങ്കില്‍ അവയുടെ ചോദന പ്രകൃതിയുമായുള്ള നമ്മുടെ ജൈവബന്ധം തന്നെയാണ്. ആ ബന്ധം നമ്മില്‍ സൃഷ്ടിക്കുന്ന അനുഭാവങ്ങളാണ് നമ്മുടെ ആത്മീയത

Essay, Politics, Environment, Struggles Share this Creative Commons Attribution-ShareAlike 4.0 International

Reactions

Add comment

Login to post comments