മുരളി : ഞാറ്റടിയിലെ തീവ്രവാദി

T K Kochunarayanan August 6, 2012

ഇന്നു (ഓഗസ്റ്റ് 6, 2012) മുരളി എന്ന അവിസ്മരണീയ നടന്‍ അന്തരിച്ചിട്ട് മൂന്ന് വര്‍ഷം തികയുന്നു. 2009 ആഗസ്റ്റ്‌ മാസം സമകാലിക മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ഈ ലേഖനം ലേഖകന്റെ അനുമതിയോടെ ബോധി കോമണ്‍സ് പുനര്‍പ്രസിദ്ധീകരിക്കുന്നു. ലേഖകന്‍ ഞാറ്റടിയുടെ സംഘാടകരിലൊരാളും തിരക്കഥാകൃത്തുമായിരുന്നു.


മുരളി ആദ്യം അഭിനയിച്ച സിനിമ തച്ചില്‍ ഫിലിംസിന് വേണ്ടി ഭരത് ഗോപി സംവിധാനം ചെയ്ത ഞാറ്റടി ആണ് (1979). കൃത്യം മുപ്പത്തിമൂന്നു വര്ഷം മുന്‍പ്. ഈ കാലയളവില്‍ കേരളക്കരയിലെ നദികളിലൂടെ ഒരുപാട് വെള്ളം ഒഴുകി. കലങ്ങി മറിഞ്ഞതും തെളിഞ്ഞതുമായ വെള്ളം. മുരളി എന്ന നടന്‍ "ഭരത്" മുരളി ആയ കാലയളവ് കൂടിയാണത്. മലയാള സിനിമാ ചരിത്രത്തില്‍ ഞാറ്റടിയും മുരളിയും വേറിട്ടു നില്‍ക്കുന്നൊരു സാംസ്ക്കാരിക ചരിത്രം കുറിച്ചു. മുറിവുണങ്ങാത്ത, എന്നും വേദനിപ്പിക്കുന്ന അദ്ധ്യായം.

വ്യക്തമായ ദിശാബോധമുള്ള മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ ചലച്ചിത്രമായിരുന്നു ഞാറ്റടി. ശക്തമായ ഇടതുപക്ഷ വേരോട്ടമുള്ള മലയാളക്കരയില്‍ വിശ്വാസത്തേരുകള്‍ തീവ്ര ഇടതുപക്ഷ ചിന്താധാരയിലേക്ക് കുതിക്കുവാന്‍ വീര്‍പ്പുമുട്ടിയ ഒരു കാലഘട്ടം. എഴുത്തും വായനയും ആയുധമാക്കിയ ഒരു കൂട്ടം ചെറുപ്പക്കാര്‍ കേരളമനസാക്ഷിയില്‍ ബോധപൂര്‍വം ഇടപെട്ട് അതിനെ തൊട്ടുണര്‍ത്തുകയും നൊമ്പരപ്പെടുത്തുകയും ചെയ്ത സുവര്‍ണകാലം. ഇടതുപക്ഷ ചിന്തകളുടെ പാളിച്ചകളില്‍ സജീവമായി ഇടപെട്ട ഒരു വിഭാഗം യുവാക്കളുടെ പ്രതിനിധിയാണ് ഞാറ്റടിയിലെ രഘു എന്ന കഥാപാത്രം. കേരള സര്‍വകലാശാലയിലെ കൂറ്റന്‍ ഓഫിസ് കെട്ടിടത്തെ പോലും നടുക്കുമാര് മുദ്രാവാക്യങ്ങള്‍ ചൊല്ലിക്കൊടുത്തും സമരങ്ങളില്‍ അണിചേര്‍ന്നും അവ നയിച്ചും നടന്ന മുരളി എന്ന ചെറുപ്പക്കാരന്‍ സിനിമയിലെ രഘു എന്ന കഥാപാത്രത്തിന് പറ്റും എന്ന് കവി എ.അയ്യപ്പന്‍ പറഞ്ഞപ്പോള്‍ ഞാറ്റടിയുടെ സംഘാടകരായ ഞങ്ങള്‍ക്ക് വേറെ ആരെയും ആലോചിക്കേണ്ടി വന്നില്ല.

ഒറ്റപ്പാലത്തിനു സമീപത്തു ചുനങ്ങാട് എന്ന ഗ്രാമത്തില്‍ വച്ചുള്ള ചിത്രീകരണ വേളയില്‍ ഞാറ്റടിയുടെ ക്യാമറാമാന്‍ വിപിന്‍ മോഹന്‍ മുരളിക്ക് മുന്‍പില്‍ ക്യാമറ ഓണ്‍ ചെയ്തു. തനിക്കുള്ള ഡയലോഗ് സ്ഫുടതയോടെ, അതീവ വിശ്വാസത്തോടെ മുരളി പറഞ്ഞു. വിപിന്‍ മോഹന്‍ ഓക്കേ എന്ന് സൈറ്റില്‍ ഡിക്ലയര്‍ ചെയ്തപ്പോള്‍ നാളത്തെ ഭരത് മുരളി ഇതാ ജനിച്ചിരിക്കുന്നു എന്ന് ഒരുപക്ഷെ സംവിധായകന്‍ ഭരത് ഗോപിയുടെ മനസ് അന്ന് മന്ത്രിച്ചിരിക്കാം. അതെ, ഭരത് മുരളിയുടെ സിനിമാ ജീവിതത്തിലെ ഡയലോഗ് ഉള്ള ആദ്യത്തെ ഷോട്ട്. അത് ഓക്കേ എന്ന വിപിന്‍ മോഹന്റെ പ്രവചനത്തിന് പില്‍ക്കാല ചരിത്രം ഇത്രമാത്രം വില നല്‍കി നെഞിലേറ്റുമെന്നു ഞങ്ങള്‍ക്ക് അറിയാമായിരുന്നില്ല. അതിനുള്ള അറിവോ പരിചയമോ അന്നില്ലായിരുന്നു. എല്ലാം ഒരു നിയോഗം പോലെ.

A Scene from Njattadi
ആദ്യ ഷോട്ടിന് ക്യാമറാമാന്‍ വിപിന്‍ മോഹന്‍ ഓക്കേ എന്ന് ഡിക്ലയര്‍ ചെയ്തപ്പോള്‍ നാളത്തെ ഭരത് മുരളി ഇതാ ജനിച്ചിരിക്കുന്നു എന്ന് ഒരുപക്ഷെ സംവിധായകന്‍ ഭരത് ഗോപിയുടെ മനസ് അന്ന് മന്ത്രിച്ചിരിക്കാം.
ഞാറ്റടിയില്‍ നിന്നൊരു രംഗം - മുരളി, വി.ആര്‍.കോരപ്പത്ത്

പ്രസ്ഥാനത്തിന്റെ നേതൃത്വത്തോട് : " നിങ്ങള്‍ പുല്‍തൊട്ടിയിലെ പട്ടിയെ പോലെ തിന്നുകയുമില്ല, തീറ്റുകയുമില്ല" എന്ന്് രഘു എന്ന കഥാപാത്രത്തിന്റെ ആക്രമണം ഇടിമുഴക്കം പോലെ മുരളിയുടെ നാവില്‍ നിന്നുയര്‍ന്നപ്പോള്‍ " വിപ്ലവ പ്രസ്ഥാനത്തില്‍ മാറലില്ല, മാറ്റലേ ഉള്ളൂ" എന്നു ചുട്ടമറുപടി. ഇതിനു മുരളി അന്നുണ്ടാക്കിയ (അഥവാ) ഉണ്ടായ, മുഖഭാവം കൊണ്ടുള്ള പ്രതികരണം എക്കാലത്തെയും മികച്ച റിയാക്ഷന്‍ ഷോട്ടുകളില്‍ ഒന്നാകാം. അഭിനയത്തിന്റെ രസതന്ത്രം ഉറങ്ങി കിടക്കുന്ന ഒരു നടനു മാത്രമേ മൌനം കൊണ്ട് ഇങ്ങനെ വാചാലനാകാന്‍ കഴിയൂ. ഇടതുപക്ഷ തീവ്രവാദ ചേരിയിലേക്ക് രഘു (മുരളി) ആദ്യം ചൂണ്ടയിട്ടു പിടിച്ചത് കോളേജ് വിദ്യാര്‍ഥിയായ ഞാറ്റടിയിലെ നായകന്‍ ഉണ്ണിയെയാണ്(സുനില്‍). ഉണ്ണിയുടെ ദുരന്തത്തിന്റെ രക്തസാക്ഷികളായിരുന്നു നായികയായ ഗിരിജയും(പില്‍ക്കാലത്ത് വിപിന്‍ മോഹന്റെ ഭാര്യ), കൂട്ടുകാരി സുജയും, സഹോദരിയും(കലാമണ്ഡലം ദേവകി) ഒക്കെ.

ഞാറ്റടി കൂട്ടായ്മയ്ക്ക് അന്ന് നേതൃത്വം കൊടുത്ത ഡോ:കെ.എന്‍.ശ്രീനിവാസന്‍, പി.എം.വിശ്വനാഥന്‍, പ്രൊഫ: അലിയാര്‍, കെ.ഭാസ്കരന്‍, കെ.ആര്‍.മോഹനന്‍ തുടങ്ങിയവരുടെ കൂടെ മുരളിയുടെ സജീവ സാന്നിധ്യം കൂടി ഉണ്ടായിരുന്നു. ഞാറ്റടിയുടെ ജീവനായിരുന്നു കടമ്മനിട്ടയുടെ കുറത്തിയും, വര്‍ഗീസിനെ കുറിച്ചു പഴവിള രമേശനെഴുതിയ "ചൂഴ്ന്നെടുത്ത മിഴി പൂത്ത കിഴക്കന്‍ മല വിളിക്കുന്നു...." എന്ന കവിതയും. മുരളിയും എം.കെ.ഗോപാലകൃഷ്ണനും അലിയാരും ചിത്രീകരണത്തിനു ഹരം പകര്‍ന്നു കൊണ്ട്, ചുനങ്ങാടിന്റെ ഗ്രാമതനിമയില്‍, പകലും രാത്രിയും ആ കവിതകള്‍ പാടി സമയം ചിലവിട്ടപ്പോള്‍ തങ്ങള്‍ക്കിടയിലെ ഈ മുഴക്കാന്‍ ശബ്ദത്തിന്റെ ഉടമയായ മുരളി പില്‍ക്കാലത്ത്‌ അഭിനയ മികവിന്റെ കൊടുമുടികള്‍ കയറി തങ്ങളുടെ അഭിമാനമായി മാറുമെന്ന്് ആരും ഓര്‍ത്തിരിക്കാന്‍ ഇടയില്ല.

തീവ്രവാദ സിനിമ എന്ന് മുദ്ര കുത്തി സെന്‍സര്‍ ബോര്‍ഡ് ഞാറ്റടി നിരോധിച്ചപ്പോള്‍ ഇതിനുള്ള പ്രധാനകാരണം മുരളിയുടെ അഭിനയ മികവാകാം എന്ന് ഞങ്ങള്‍ കളിയായി വ്യാഖ്യാനിച്ചു. മലപ്പുറത്ത്‌ കോട്ടയ്ക്കലും തിരുവനതപുരത്ത് ക്ഷണിക്കപ്പെട്ട സദസ്സിനു മുന്‍പിലും രണ്ടു തവണ മാത്രം പ്രദര്‍ശിപ്പിച്ച ഞാറ്റടി ഇക്കാലമത്രയും പലരുടെയും മനസ്സില്‍ നിലനിന്നത് ഭരത് മുരളിയിലൂടെ മാത്രമാണ്.

ഞാറ്റടി സ്മരണ:

ഞാറ്റടി എന്ന രാഷ്ട്രീയ സിനിമയിലേക്കും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച കൂട്ടായ്മയുടെ അനുഭവങ്ങളിലേക്കും വെളിച്ചം വീശുന്ന ലഘുചിത്രം.


bharath gopi, Cinema, murali, njatadi, political cinema, Politics, Ideology, Kerala, Remembrance, Arts & Literature Share this Creative Commons Attribution-ShareAlike 3.0 Unported

Reactions

Add comment

Login to post comments

Comments

മുരളി എന്ന അതുല്യ അഭിനയ‌

മുരളി എന്ന അതുല്യ അഭിനയ‌ പ്രതിഭയെ ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിച്ച ഞാറ്റടി പരിചയപ്പെടുത്തിയതിന് നന്ദി.

A very good piece of

A very good piece of remembrance.
Red salute to the great actor - MURALI

vipin

Share

Please share the movie. Create a torrent and distribute.