സോഷ്യലിസ്റ്റ് ബേർണി സാന്റേഴ്സ്: അമേരിക്കയിലെ പ്രൈമറി വിശേഷങ്ങൾ

Shanu Sukoor March 22, 2016

അമേരിക്കയെ കാർന്നുതിന്നുന്ന കാതലായ നിരവധി വിഷയങ്ങൾ ബേർണി ഉയർത്തുന്നുണ്ട്: അമേരിക്കയിലെ യുവജനങ്ങളുടെ മുന്നിലുള്ള വെല്ലുവിളിയായ കോളേജ് വിദ്യാഭ്യാസം, പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം, ജനങ്ങൾക്ക് അപ്രാപ്യമായ ആരോഗ്യ പരിപാലനമേഖല എന്നിവയെല്ലാം അദ്ദേഹത്തിന്റെ പ്രചരണവിഷയങ്ങളാണ്.


ജനാധിപത്യ സോഷ്യലിസ്റ്റായ ബേർണി സാന്റേഴിസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തോട് കൂടി ശ്രദ്ധയാകർഷിച്ച അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്, ഏകദേശം പകുതിയോളം പ്രൈമറികളും കോക്കസുകളും കഴിയുമ്പോൾ കൂടുതൽ ചലനങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്നു. റിപ്പബ്ലിക്കൻ പാർട്ടിയിൽ ഡൊണാൾഡ് റ്റ്രമ്പിന്റെ വളർച്ചയെ തടയുന്നതിനാണ് പ്രധാനമായും മറ്റ് സ്ഥാനാർത്ഥികൾ മത്സരിച്ചിരുന്നതെങ്കിൽ, തികച്ചും അപ്രതീക്ഷിതമായി, സാധാരണക്കാരുടെയിടയിൽ നിന്നും തെരഞ്ഞെടുപ്പു ചിലവിനായി പണം സമാഹരിച്ച് തന്നേക്കാൾ വളരെയധികം മുന്നിലായിരുന്ന ഹിലാരി ക്ലിന്റണെ പല സംസ്ഥാനങ്ങളിലും തറപറ്റിച്ച ബേർണി സാന്റേഴ്സിനെപ്പറ്റിയാണ് ഡെമോക്രാറ്റിക് പാർട്ടിയിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തിന് പൊതുവെവലിയ പ്രാധാന്യമൊന്നും നൽകാതിരുന്ന മാധ്യമങ്ങൾ, പ്രൈമറി വിജയങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ വിജയസാധ്യതകളെക്കുറിച്ച് വിശകലനങ്ങൾ എഴുതിക്കൊണ്ടിരിക്കുന്നു. എല്ലാവർക്കും അടിസ്ഥാന സൗകര്യങ്ങൾ പ്രാപ്യമാക്കുക എന്ന സോഷ്യലിസ്റ്റ് മുദ്രാവാക്യമുയർത്തുന്ന അദ്ദേഹത്തിന്റെ പ്രചരണം അമേരിക്കൻ യുവത്വത്തെയാകെ ഇളക്കിമറിച്ചു കൊണ്ടിരിക്കുന്നതായാണ് സർവേകൾ സൂചിപ്പിക്കുന്നത്.

സംസ്ഥാന ഗവണ്മെന്റുകൾ നടത്തുന്ന പ്രൈമറികളിലൂടെയും, രാഷ്ട്രീയപാർട്ടികളുടെ കോക്കസുകളിലൂടെയും മാസങ്ങൾ നീണ്ട തെരഞ്ഞെടുപ്പുകൾക്കൊടുവിലാണ് ഓരോ രാഷ്ട്രീയപാർട്ടിയും തങ്ങളുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയെ കണ്ടെത്തുന്നത്. ഡെമോക്രാറ്റിക് സ്ഥാനാർത്തിത്വത്തിന് വേണ്ടി നിലവിൽ, മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റണിന്റെ ഭാര്യയും ഒബാമ സർക്കാരിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റുമായ ഹിലാരി റോധം ക്ലിന്റണും വെർമോണ്ട് എന്ന കൊച്ചു സംസ്ഥാനത്തിന്റെ സ്വതന്ത്ര സെനറ്ററായ ബേർണി സാന്റേഴ്സും തമ്മിലാണ് മത്സരം നടക്കുന്നത്.

അമേരിക്കയെ കാർന്നുതിന്നുന്ന കാതലായ നിരവധി വിഷയങ്ങൾ ബേർണി ഉയർത്തുന്നുണ്ട്.

അമേരിക്കയിലെ യുവജനങ്ങളുടെ മുന്നിലുള്ള വലിയ വെല്ലുവിളിയാണ് കോളേജ് വിദ്യാഭ്യാസം. സാധാരണക്കാർക്ക് താങ്ങാനാവാത്ത വിധം ഉയർന്ന ഫീസാണ് കോളേജുകൾ ഈടാക്കുന്നത്. പാവപ്പെട്ടവർക്ക് ഒരിക്കലും എത്തിപ്പിടിക്കുവാനാവാത്ത വിധം ഉയർന്ന ഫീസ് ഘടന വിദ്യാഭ്യാസത്തെ വരേണ്യവല്‍ക്കരിച്ചു കൊണ്ടിരിക്കുന്നു. ലോണെടുത്ത് വിദ്യാഭ്യാസം നേടുന്നവരാകട്ടെ ആയുർദൈർഘ്യത്തിന്റെ ഒരു വലിയ ഭാഗം മുഴുവന്‍ ഈ ലോൺ ബാധ്യതയുമായി നട്ടം തിരിയുന്നു. ഏകദേശം 1.2 ട്രില്ല്യന്‍ (1.2 ലക്ഷം കോടി) ഡോളർ ബാധ്യതയാണ് അമേരിക്കൻ കോളേജ് വിദ്യാർത്ഥി സമൂഹം തലയിലേറ്റുന്നതെന്നാണ് അനുമാനം. ചില കണക്കുകള്‍ പ്രകാരം ലോണെടുത്ത 4 കോടിയോളം വരുന്ന വിദ്ധ്യാര്‍ത്ഥികളില്‍ ഏകദേശം 70 ലക്ഷം തിരിച്ചടവ് മുടങ്ങിയവരായുണ്ട്. സാന്റേഴ്സ് ഈ പ്രശ്നവൃത്തത്തിൽ നിന്ന് അമേരിക്കക്കാരെ കരകയറ്റുവാൻ നിർദ്ദേശിക്കുന്നത്, കോളേജ് ഫീസ് മുഴുവനുമായും എടുത്തുകളയുക എന്നതാണ്. എല്ലാവർക്കും സൗജന്യമായ വിദ്യാഭ്യാസം എന്ന സോഷ്യലിസ്റ്റ് ആശയത്തിന് യുവജനങ്ങൾക്കും സാധാരണക്കാരായ കുടുംബങ്ങൾക്കുമിടയിൽ വമ്പിച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.Image Credits: DonkeyHotey

പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം ഏറ്റവും കൂടുതലുള്ള പ്രമുഖ രാജ്യമാണ് അമേരിക്ക. ജോലി ചെയ്യുന്ന മണിക്കൂറൂകൾക്കനുസരിച്ച് വേതനം ലഭിക്കുന്ന റീട്ടെയിൽ മേഖലയിലെയും മറ്റും ജോലിക്കാർക്ക് ദാരിദ്ര്യരേഖയ്ക്ക് മേലെ എത്തിപ്പെടുവാനുള്ള വേതനം പോലും ലഭികാറില്ല എന്നതാണ് സത്യം. പ്രമുഖ ചില്ലറവ്യാപാര ശൃംഖലയായ വാൾമാർടിലെ വേതനഘടന തന്നെ കുപ്രസിദ്ധമാണ്. ഏറ്റവും ധനികരായ വാൾട്ടൺ ഫാമിലിയുടെ കീഴിലുള്ള ഈ സ്ഥാപനത്തിലെ ജീവനക്കാർ പലരും ഗവൺമെന്റിന്റെ ഭക്ഷണക്കൂപ്പണുകളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇതിന് ഒരറുതി വരണമെങ്കിൽ ദേശീയ മിനിമം വേതനം നിലവിലുള്ള 7.25 ഡോളറില്‍ നിന്ന് മണിക്കൂറിന് 15 ഡോളർ എന്ന നിലയിലേക്ക് ഉയർത്തണമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. പുരോഗമന ഭരണകൂടങ്ങൾ നിലവിലുള്ള സിയാറ്റിൽ പോലെയുള്ള നഗരങ്ങളിൽ ഇതിനകം തന്നെ 15 ഡോളർ നിരക്ക് നടപ്പിലാക്കിയിട്ടുണ്ട്. വേതനനിരക്ക് ഇത്തരത്തിൽ ഉയർത്തുന്നത് ഇടത്തരം കുടുംബങ്ങളിൽ കൂടുതല്‍ പണം എത്തിച്ചേരുവാനും അത് കമ്പോളത്തിൽ ചെലവഴിക്കപ്പെടുവാനും ഇടയാക്കുമെന്നും, അത് വഴി സമ്പദ്‌വ്യവസ്ഥയ്ക്ക് തന്നെ പുത്തനുണർവ് ഉണ്ടാകുമെന്നുമാണ് സാമ്പത്തിക വിദഗ്ദ്ധരുടെ മതം.

ഇദ്ദേഹത്തിന്റെ മറ്റൊരു പ്രമുഖ വാഗ്ദാനം സാമൂഹ്യ സുരക്ഷാ പദ്ധതികളെക്കുറിച്ചാണ്. എല്ലാവരും സ്വന്തം വേതനത്തില്‍ നിന്ന് സാമൂഹികസുരക്ഷാപധതികള്‍ക്കായി ഒരു തുക നികുതി നൽകുന്നുണ്ട്. പക്ഷേ ഇങ്ങനെ പിരിക്കുന്ന നികുതിക്ക് 1,18,500 ഡോളർ എന്ന പരിധി ഉണ്ട്. അതിധനികരും ഇടത്തരം വരുമാനമുള്ളവരും എല്ലാം തന്നെ ഇക്കാരണത്താല്‍ ഒരേ സാമൂഹ്യസുരക്ഷാ നികുതിയാണ് നൽകുന്നത് എന്ന വൈരുദ്ധ്യവുമുണ്ട്. ഇതിന്റെ പരിധി 2,50,000 ഡോളറാക്കി ഉയർത്തി ഈ പ്രശ്നം പരിഹരിക്കണമെന്നാണ് ബേർണി സാന്റേഴ്സിന്റെ വാദം. ഇത്തരത്തില്‍ കണ്ടെത്തുന്ന അധിക തുക ഉപയോഗിച്ച് സാമൂഹികസുരക്ഷാ പദ്ധതികള്‍ വിപുലീകരിക്കാമെന്നും അദ്ദേഹം കണക്കു കൂട്ടുന്നു.

അതേ പോലെ തന്നെ ജനങ്ങൾക്ക് അപ്രാപ്യമായ ആരോഗ്യ പരിപാലന മേഖലയും ഉടച്ചു വാർക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കുന്നു. ആരോഗ്യപരിപാലനത്തിന് മറ്റ് പ്രമുഖ രാജ്യങ്ങളേക്കാള്‍ ഇരട്ടിയിലധികം ചിലവ് ചെയ്യുന്ന രാജ്യമാണ് അമേരിക്ക. സ്വകാര്യമേഖല കയ്യടക്കി വച്ചിരിക്കുന്ന ആരോഗ്യ ഇൻഷുറൻസ് മേഖലയിൽ വർഷാവർഷം വൻലാഭത്തിന്റെ കണക്കുകളാണ് ഉയർന്ന് വരുന്നത്. അതേ സമയം തന്നെ ഇൻഷുറൻസ് അപ്രാപ്യമായ ഒരു വലിയ ജനവിഭാഗം അധികാരികൾക്കു മുന്നിൽ ഒരു ചോദ്യചിഹ്നമാവുകയുമാണ്. എല്ലാവർക്കും കവറേജ് എന്ന ലക്ഷ്യവുമായി വന്ന ഒബാമാകെയർ പദ്ധതിയും കിതച്ചു നിൽക്കുന്നു. ഇപ്പോഴും 10 ശതമാനത്തിലധികം ആൾക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് ലഭ്യമല്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിന് പ്രതിവിധിയായി ബേർണി സാന്റേഴ്സ് നിര്‍ദ്ദേശിക്കുന്നത്, ഗവൺമെന്റ് അല്ലെങ്കിൽ അർദ്ധ ഗവൺമെന്റ് സ്ഥാപനങ്ങൾ പോലെയുള്ള ഏക ദാതാവ് വഴി നിയന്ത്രിക്കപ്പെടുന്ന ഒരു സംവിധാനമാണ്. കാനഡ പോലെയുള്ള രാജ്യങ്ങളിൽ കാര്യക്ഷമമായി നടന്നുകൊണ്ടിരിക്കുന്ന സംവിധാനമാണിതെങ്കിലും, ഏറെ കരുത്തരായ ആരോഗ്യ ഇൻഷുറൻസ് ലോബിയെയും അവരുടെ ബിസിനസിനെയും അഴിച്ചു പണിഞ്ഞു വേണം ഇങ്ങനെ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരേണ്ടി വരിക എന്നത് കാണാതിരുന്നു കൂടാ. മരുന്നു വിലയ്ക്ക് യാതൊരു നിയന്ത്രണങ്ങളുമില്ലാത്ത, ഇന്നും ശിശുമരണനിരക്കിൽ അഭിമാനിക്കത്തക്ക നില നേടാനാവാത്ത, ലോകത്തെ ഏറ്റവും ധനിക രാജ്യത്തിലെ ആരോഗ്യ പരിപാലന മേഖല ഇത്തരം വിപ്ലവകരമായ മാറ്റങ്ങളിലൂടെയേ രക്ഷപെടൂ എന്നതും തർക്കമറ്റ വസ്തുതയാണ്.

അമേരിക്കയിലെ യുവജനങ്ങളുടെ മുന്നിലുള്ള വലിയ വെല്ലുവിളിയാണ് കോളേജ് വിദ്യാഭ്യാസം. സാധാരണക്കാർക്ക് താങ്ങാനാവാത്ത വിധം ഉയർന്ന ഫീസാണ് കോളേജുകൾ ഈടാക്കുന്നത്. പാവപ്പെട്ടവർക്ക് ഒരിക്കലും എത്തിപ്പിടിക്കുവാനാവാത്ത വിധം ഉയർന്ന ഫീസ് ഘടന വിദ്യാഭ്യാസത്തെ വരേണ്യവല്‍ക്കരിച്ചു കൊണ്ടിരിക്കുന്നു. ലോണെടുത്ത് വിദ്യാഭ്യാസം നേടുന്നവരാകട്ടെ ആയുർദൈർഘ്യത്തിന്റെ ഒരു വലിയ ഭാഗം മുഴുവന്‍ ഈ ലോൺ ബാധ്യതയുമായി നട്ടം തിരിയുന്നു. ഏകദേശം 1.2 ട്രില്ല്യന്‍ (1.2 ലക്ഷം കോടി) ഡോളർ ബാധ്യതയാണ് അമേരിക്കൻ കോളേജ് വിദ്യാർത്ഥി സമൂഹം തലയിലേറ്റുന്നതെന്നാണ് അനുമാനം.

പുരോഗമനപരമായ നിലപാടുകൾക്ക് യുവജനങ്ങൾക്കിടയിൽ ആവേശകരമായ പിന്തുണ ലഭിക്കുന്നുവെങ്കിലും ഡെമോക്രാറ്റിക്‍ നോമിനേഷൻ ബേർണി സാന്റേഴ്സിനെ സംബന്ധിച്ച് അത്ര എളുപ്പമാകുവാനിടയില്ല. ബേർണി ദേശീയ രാഷ്ട്രീയത്തില്‍ അറിയപ്പെടുന്ന ഒരു വ്യക്തിയായിരുന്നില്ല എന്നത് തന്നെ ഒന്നാമത്തേത്. ഇദ്ദേഹം മൽസരിക്കുന്നതാകട്ടെ അമേരിക്കയുടെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് പദം വരെ അലങ്കരിച്ച രാജ്യത്തിനാകെ സുപരിചിതയായ ഹിലാരിയോടാണ്. അടുത്തിടെ കഴിഞ്ഞ നെവാദ പ്രൈമറിയിൽ ജയിച്ച ഹിലാരിയ്ക്ക് 53 ശതമാനവും ബേർണിയ്ക്ക് 47 ശതമാനവും വോട്ടുകളാണ് ലഭിച്ചത്. പക്ഷെ കേവലം 6 മാസം മുമ്പ് ഇവർ രണ്ടുപേരുടെയുമിടയിൽ 50 ശതമാനത്തിലധികം വ്യത്യാസമുണ്ടായിരുന്നുവെന്ന് സർവേകൾ പ്രവചിച്ചിരുന്നതിൽ നിന്നാണ് ഈ സ്ഥിതിയിൽ എത്തിയിരിക്കുന്നത് എന്നത് ബേർണി കാമ്പിനെ സംബന്ധിച്ച് ആശാവഹമാണ്.. കൂടാതെ വലിയ പ്രൈമറികളിൽ ഒന്നായ മിഷിഗൺ പ്രൈമറിയിൽ ബേർണിയ്ക്ക് കൂടുതൽ വോട്ടുകൾ നേടാനും കഴിഞ്ഞു. പക്ഷെ അദ്ദേഹം കറുത്തവർഗക്കാരും ലാറ്റിനോ വോട്ടർമാർക്കിടയിലും സ്വാധീനം വർദ്ധിപ്പിച്ചാല്‍ മാത്രമേ ഇനി വരുന്ന പ്രൈമറികളില്‍ പ്രതീക്ഷയ്ക്ക് വകയുള്ളൂ. ഇതിനൊക്കെ പുറമെയാണ് സൂപ്പർ ഡെലിഗേറ്റുകൾ എന്ന കീറാമുട്ടി. പ്രൈമറികളിൽ നിന്നു തിരഞ്ഞെടുക്കുന്ന ഡെലിഗേറ്റുകൾക്ക് പുറമേ ഓരോ സംസ്ഥാനത്തിനും സൂപ്പർ ഡെലിഗേറ്റുകളുണ്ട്. ഇത് യഥാർത്ഥത്തിൽ ഡെമോക്രാറ്റിക്‍ പാർടിക്കകത്ത് നിന്നാണ് നാമനിർദ്ദേശം ചെയ്യപ്പെടുന്നത്. നിലവിൽ സാധ്യമായ സൂപ്പർ ഡെലിഗേറ്റുകളിൽ 467 പേര്‍ ഹിലാരിയെ അനുകൂലിക്കുമ്പോള്‍ കേവലം 26 പേരാണ് ബേർണി സാന്റേഴ്സിനു പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ന്യൂഹാംഷെയർ പ്രൈമറി തന്നെ ഇതിന് വലിയ ഉദാഹരണമാണ്. 20 ശതമാനത്തിലധികം ലീഡ് ബേർണി കരസ്ഥമാക്കിയതിനാൽ തിരഞ്ഞെടുക്കപ്പെടുന്നവരിൽ 15 ബേർണി പക്ഷത്തിനും 9 ഹിലാരിക്കും ലഭിക്കും. പക്ഷെ ലഭ്യമായ സൂപ്പർ ഡെലിഗേറ്റുകളിൽ 8 പേരിൽ 6 പേരും ഹിലാരിക്ക് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു, 2 പേർ ഇനിയും തീരുമാനമെടുത്തിട്ടില്ല. അതായത് ന്യൂഹാംഷെയറിലെ വൻവിജയത്തിന് ശേഷവും ഹിലാരിയുടെ 15 ഡെലിഗേറ്റുകൾക്കെതിരെ അത്രയും തന്നെ പേരുടെ പിന്തുണ ഉറപ്പാക്കുവാനേ ബേർണിക്കായിട്ടുള്ളൂ എന്നതാണ് വാസ്തവം.

എന്നിരുന്നാലും ഈ സ്ഥാനാർത്ഥിത്വം തന്നെ വലിയൊരു വിപ്ലവമാണ്. സോഷ്യലിസം എന്ന വാക്ക് പോലും ഭയപ്പാടോടെ കണ്ട ഒരു ജനതയ്ക്ക് മുമ്പിൽ താനൊരു ജനാധിപത്യ സോഷ്യലിസ്റ്റാണെന്ന് വിളിച്ചു പറയുവാനും, സൗജന്യ കോളേജ് വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും പോലെയുള്ള സോഷ്യലിസ്റ്റ് മുദ്രാവാക്യങ്ങൾ അവതരിപ്പിച്ചു കൊണ്ട് മുതലാളിത്തത്തെ പുൽകിയ ഒരു രാജ്യത്തിന്റെ തെരെഞ്ഞെടുപ്പ് ഗോദയിലേക്ക് സധൈര്യം ഇറങ്ങുകയാണ് ബേർണി സാന്റേഴ്സ് ചെയ്തത്. അമേരിക്കൻ രാഷ്ട്രീയത്തിന്റെ ദിശ തന്നെ മാറ്റി മറിക്കുവാൻ ഉതകുന്ന ചർച്ചകൾ ഉയർത്തിക്കൊണ്ടു വരുവാൻ അദ്ദേഹത്തിന്റെ ഈ സ്ഥാനാർത്ഥിത്വം ഹേതുവായിത്തീരും എന്ന് നമ്മുക്ക് പ്രത്യാശിക്കാം.

Bernie Sanders, Democratic Party, Hillary Clinton, Politics, Social Security, Students Education Loan, US Elections 2016, Note, World, Struggles Share this Creative Commons Attribution-ShareAlike 4.0 International

Reactions

Add comment

Login to post comments