ചില വിദ്യാഭ്യാസചിന്തകള്‍

ഡോ: കെ. മുരളികൃഷ്ണൻ August 14, 2010

ഒരു സമൂഹത്തിന്റെ പുരോഗതിക്ക് - യാഥാസ്ഥിതിക ശക്തികളില്‍ നിന്നുള്ള അതിന്റെ മോചനത്തിന് - യുക്തിചിന്തയിലും സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന ഒരു യുവതലമുറ വളര്‍ന്നു വരേണ്ടത് ആവശ്യമാണ് എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? ഈ ലക്ഷ്യത്തിലേയ്ക്കുള്ള മാര്‍ഗ്ഗമാണ് വിദ്യാഭ്യാസം എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? എങ്കില്‍ ഈ ലേഖകന്‍ തന്റെ ചിന്തകള്‍ നിങ്ങളുമായി ചര്‍ച്ചചെയ്യുവാന്‍ ആഗ്രഹിക്കുന്നു.


മതം, സമുദായം, സാമൂഹികയാഥാസ്ഥിതികത്വം എന്നിവയുടെ വിലങ്ങുകളില്‍ നിന്നും മോചിതരായി ജീവിതത്തിന്റെ കടിഞ്ഞാണ്‍ സ്വയം ഏറ്റെടുത്ത് മുന്നോട്ടു പോകുവാനുള്ള ആത്മവിശ്വാസം ഓരോ പൌരനിലും ഉണ്ട് എന്ന് ഉറപ്പുവരുത്തേണ്ടത് ഒരു രാഷ്ട്രത്തിന്റെ വിദ്യാഭ്യാസപദ്ധതിയുടെ ലക്ഷ്യമല്ലേ? നമ്മുടെ കലാലയങ്ങള്‍ എത്രത്തോളം ഇതില്‍ വിജയിക്കുന്നുണ്ട്? സ്വതന്ത്രമായും നിര്‍ഭയമായും പ്രവര്‍ത്തിക്കുവാന്‍ മുന്നോട്ടുവരുന്ന ഒരു യുവതലമുറയല്ലേ ഒരു രാഷ്ട്രത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്നത്?

വ്യവസ്ഥാപിതമായ നാട്ടുനടപ്പുകളെയും വിശ്വാസസംഹിതകളെയും യുക്തിയില്‍ അധിഷ്ഠിതമായി ചോദ്യം ചെയ്യുവാനും അവനവന് ബോധ്യപ്പെട്ടവയെ മാത്രം സ്വീകരിക്കുവാനുമുള്ള സ്വാതന്ത്രബോധം കലാലയജീവിതം നമ്മളില്‍ സൃഷ്ടിക്കുന്നുണ്ടോ? വ്യത്യസ്തങ്ങളായ ആശയങ്ങളെ തുറന്ന മനസ്സോടെ അപഗ്രഥിക്കുവാനും നാം തിരസ്കരിക്കുന്നവയെതന്നെ പ്രതിപക്ഷബഹുമാനത്തോടെ നോക്കിക്കാണുവാനും, വൈരുദ്ധ്യങ്ങള്‍ക്കിടയിലും സാഹോദര്യത്തോടെ ജീവിക്കാനുമുള്ള സാമൂഹ്യബോധം ഓരോ വ്യക്തിയിലും വളര്‍ത്തേണ്ടത് കലാലയ വിദ്യാഭ്യാസമല്ലേ? ഓരോ വ്യക്തിയിലുമുള്ള കഴിവുകളെ പൂര്‍ണ്ണതയിലെത്തിക്കുകയും ആ കഴിവുകളെ സാമുഹ്യനന്‍മയ്ക്കായി വിനിയോഗിക്കുവാനുള്ള പ്രതിബദ്ധത അവനില്‍ ജനിപ്പിക്കുകയും ചെയ്യുക വിദ്യാഭ്യാസത്തിന്റെ ധര്‍മ്മമാണല്ലോ.

സാമുദായികമോ, മതപരമോ ആയ വേലിക്കെട്ടുകള്‍ക്കുളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു സമൂഹത്തിന്റെ വിദ്യാഭ്യാസ പദ്ധതിയുടെ ലക്ഷ്യങ്ങള്‍ക്കുവേണ്ടി തങ്ങളുടെ സ്വന്തം താല്പര്യങ്ങള്‍ക്കതീതമായി എത്രമാത്രം പ്രവര്‍ത്തിക്കുവാന്‍ സാദ്ധ്യമാകും? പൌരബോധത്തിലും സ്വതന്ത്ര ചിന്തയിലും ഉറച്ചുനിന്ന് പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന സമൂഹത്തെ സൃഷ്ടിക്കുവാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ - പ്രത്യേകിച്ച് സ്കൂള്‍ തലത്തില്‍ - രാഷ്ട്രം നേരിട്ട് തന്നെ നടത്തേണ്ടവയല്ലേ? മാതൃകാപരമായ വിദ്യാഭ്യാസ-ശാസ്ത്ര പുരോഗതി നേടിയ പല രാഷ്ട്രങ്ങളും അത്തരമൊരു വിദ്യാഭ്യാസ പദ്ധതിയല്ലേ അനുവര്‍ത്തിച്ചിട്ടുള്ളത്?. പാഠപുസ്തകത്തില്‍ എന്താണ് പഠിപ്പിക്കേണ്ടത് എന്ന് നിര്‍ണ്ണയിക്കുവാനുള്ള ഗവണ്‍മെന്റിന്റെ അവകാശം പോലും ചോദ്യം ചെയ്യപ്പെടുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ഈ ചോദ്യങ്ങള്‍ പ്രസക്തമാകുന്നു.

സങ്കുചിത താല്പര്യങ്ങളില്‍ നിന്നും വിമുക്തമായ, സ്വതന്ത്ര ചിന്തയെ വളര്‍ത്തുന്ന ഒരു കലാലയ വിദ്യാഭ്യാസ വ്യവസ്ഥയെ സൃഷ്ടിക്കുവാന്‍ ഭരണകൂടത്തിന് സാധിക്കാതെ വരുന്ന സാഹചര്യം അസ്വതന്ത്രരായ യുവതലമുറയെയും, ഫലത്തില്‍ വിഘടിതമായ സമൂഹത്തേയും സൃഷ്ടിക്കുവാന്‍ പര്യാപ്തമാണ്. ഈ വിപത്തില്‍ നിന്നും സമൂഹത്തെ രക്ഷിക്കുവാന്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ കലാലയങ്ങള്‍ സ്ഥാപിക്കുകയും നടത്തുകയും ചെയ്ത് വിദ്യാഭ്യാസത്തിന്റെ മൌലിക ലക്ഷ്യങ്ങളെ സംരക്ഷിക്കേണ്ട ചുമതല ഏറ്റെടുക്കേണ്ട സമയമായില്ലേ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു

Science & Society, Note, Commons Share this Creative Commons Attribution-ShareAlike 3.0 Unported

Reactions

Add comment

Login to post comments