വഴികാട്ടിയാകുന്ന വാഷിങ്ടന്‍

ചിന്ത റ്റി. കെ. February 5, 2017

'ഒരാൾക്ക് ചെയ്യാനാവുന്ന ഏറ്റവും വിപ്ലവകരമായ കാര്യം സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്തെന്ന് ഉറക്കെ വിളിച്ചു പറയുക എന്നതാണ്', ഇങ്ങനെ പറഞ്ഞത് പ്രശസ്ത മാർക്സിസ്റ്റ് ചിന്തകയായിരുന്ന റോസാ ലക്സംബർഗ് ആണ്. 2017 ജനുവരി 21 നു ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ പ്രെസിഡന്റായി സ്ഥാനാനാരോഹണം ചെയ്ത ദിവസം ട്രമ്പിന്റെ സ്ത്രീവിരുദ്ധനയങ്ങൾക്കെതിരെ അമേരിക്കയുടെ തെരുവിൽ മാർച്ചിനിറങ്ങിയ ഓരോ സ്ത്രീയും വിപ്ലവകരമായ ഒരു തീരുമാനമായിരുന്നു എടുത്തത്. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണകാലത്തുടനീളം ഡൊണാൾഡ് ട്രംപ് മുമ്പോട്ടു വച്ച സ്ത്രീവിരുദ്ധവും പ്രതിലോമകരവുമായ നയങ്ങൾക്കെതിരെയും അത്തരം നയരൂപീകരണത്തിനു സാധുതയേകിക്കൊണ്ടുള്ള ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനിടയാക്കിയ സാമൂഹികസാഹചര്യങ്ങൾക്കെതിരെയുമാണ് പ്രത്യേകിച്ചൊരു വ്യവസ്ഥാപിത സംഘടനയുടെയും ആഹ്വാനമില്ലാതെ സ്ത്രീകൾ എതിർപ്പുമായി മുന്നോട്ടു വന്നത്. അമേരിക്കൻ തലസ്ഥാനമായ വാഷിങ്ടനിലായിരുന്നു പ്രക്ഷോഭത്തിന്റെ പ്രധാന കേന്ദ്രമെങ്കിലും അമേരിക്കയുടെ മറ്റു സ്റ്റേറ്റുകളിൽ 408 മാർച്ചുകൾ സംഘടിപ്പിക്കപ്പെട്ടു. അതോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നഗരങ്ങളിലും സ്ത്രീകൾ പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യവുമായി ഒത്തു ചേർന്നു. വാഷിങ്ടനിൽ ഏകദേശം അഞ്ചു ലക്ഷത്തോളം പേരും ലോകത്താകമാനം നാൽപ്പത്താറു ലക്ഷം പേരും പ്രക്ഷോഭത്തിൽ പങ്കാളികളായി.

ഒരു രാഷ്ട്രതന്ത്രജ്ഞനെന്ന മുദ്രയോടെയല്ല ഡൊണാൾഡ് ട്രംപ് ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ നായകപ്പട്ടത്തിനുള്ള പോരാട്ടത്തിനിറങ്ങിയത്. ഒരു വ്യാപാരി അല്ലെങ്കിൽ വ്യവസായി എന്ന നിലയ്ക്കുള്ള മേൽവിലാസത്തോടെ പ്രചാരണത്തിനിറങ്ങിയ ട്രംപ് ഒരു ലാഭക്കൊതിയനായ കച്ചവടക്കാരൻ മാത്രമായിരിക്കുമെന്നു അദ്ദേഹം മുന്നോട്ടു വച്ച നയങ്ങൾ വ്യക്തമാകുന്നുണ്ട്. വിപണിയുടെ ലാഭനഷ്ടങ്ങൾക്കനുസരിച്ചുള്ള നയങ്ങൾ എന്നും സമ്പന്നരുടെയും സ്വാധീനശക്തിയുള്ളവരുടെയും താല്പര്യങ്ങൾക്കനുസരിച്ചുള്ളതായിരിക്കും.

ഗർഭഛിദ്രം, ആരോഗ്യം, തുല്യവേതനം, കുടിയേറ്റം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ ട്രംപിന്റെ നിലപാടുകൾ സ്വാതന്ത്രചിന്താഗതിക്കാരെ പരിഭ്രാന്തരാക്കിയിരുന്നു. പക്ഷെ ട്രംപിന്റെ വിജയം എന്നത് വളരെയൊന്നും സാധ്യത കല്പിക്കപ്പെട്ടിരുന്നില്ല എന്നത് കൊണ്ട് തന്നെ തെരഞ്ഞെടുപ്പിന് മുമ്പ് ഒരു പൊതുപ്രക്ഷോഭം എന്നത് ഒരു ആവശ്യകതയായിരുന്നില്ല എന്ന് തോന്നുന്നു. പക്ഷെ നവംബർ 8 നു ട്രംപ് പ്രെസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു എന്നത് പൊതുപ്രശ്നങ്ങളിൽ അവബോധം ഉണ്ടായിരുന്ന പല സ്ത്രീകൾക്കും ഒരു ഞെട്ടലായിരുന്നു.

അക്കൂട്ടത്തില്പോലും സ്ത്രീകളുടെ സ്ഥാനം രണ്ടാംതരമായതിനാൽ ട്രംപിന്റെ നയങ്ങൾക്കെതിരായി തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ഒരു പൊതുധാരണ രൂപപ്പെട്ടിരുന്നു. ഗർഭഛിദ്രം, ആരോഗ്യം, തുല്യവേതനം, കുടിയേറ്റം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ ട്രംപിന്റെ നിലപാടുകൾ സ്വാതന്ത്രചിന്താഗതിക്കാരെ പരിഭ്രാന്തരാക്കിയിരുന്നു. പക്ഷെ ട്രംപിന്റെ വിജയം എന്നത് വളരെയൊന്നും സാധ്യത കല്പിക്കപ്പെട്ടിരുന്നില്ല എന്നത് കൊണ്ട് തന്നെ തെരഞ്ഞെടുപ്പിന് മുമ്പ് ഒരു പൊതുപ്രക്ഷോഭം എന്നത് ഒരു ആവശ്യകതയായിരുന്നില്ല എന്ന് തോന്നുന്നു. പക്ഷെ നവംബർ 8 നു ട്രംപ് പ്രെസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു എന്നത് പൊതുപ്രശ്നങ്ങളിൽ അവബോധം ഉണ്ടായിരുന്ന പല സ്ത്രീകൾക്കും ഒരു ഞെട്ടലായിരുന്നു. നിലനിൽക്കുന്ന സാമൂഹ്യ സാഹചര്യങ്ങൾക്കെതിരെ ഒരു യുദ്ധപ്രഖ്യാപനത്തിന്റെ ആവശ്യകത പലർക്കും ബോധ്യപ്പെട്ടു. തങ്ങളുടെ അടിസ്ഥാനപരമായ നിലനിൽപ്പ് പോലും അപകടത്തിലേക്കാണെന്നുള്ള തിരിച്ചറിവിലൂടെയാണ് അമേരിക്കൻ സ്ത്രീത്വം കടന്നു പോയത്. ഈ സാഹചര്യത്തിലാണ് ഹവായ് സ്വദേശിനിയായ തെരേസ ഷൂഖ് എന്ന 60 കാരിയായ അഭിഭാഷക വാഷിങ്ടനിലേക്കു ഒരു പ്രതിഷേധ മാർച്ച് എന്ന ആശയം ഫെയ്‌സ്‌ബുക്കിലൂടെ മുന്നോട്ടു വയ്ക്കുന്നത്. വളരെപ്പെട്ടന്നുതന്നെ ഈ ആശയം ഏറ്റെടുക്കപ്പെടുകയും ആയിരക്കണക്കിന് സ്ത്രീകൾ മാർച്ചിൽ പങ്കെടുക്കാൻ തയ്യാറാവുകയും ചെയ്തു. വ്യത്യസ്തതലങ്ങളിലൂടെ പ്രചാരണം നടത്തിയിരുന്നവർ ഒത്തുചേരുകയും തങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു 'വിമന്‍സ് മാർച്ച്' എന്ന പ്രസ്ഥാനത്തിനു രൂപം കൊടുക്കുകയും ചെയ്തു. ട്രമ്പിന്റെ നയങ്ങൾക്കെതിരായി ആണ് പ്രക്ഷോഭം തുടങ്ങിയതെങ്കിലും സ്ത്രീപ്രശ്നങ്ങളെ പുനരേകോപിപ്പിക്കാനുള്ള ഒരു കൂട്ടായ്മ ആയി അത് മാറുകയായിരുന്നു. എന്നിരിക്കിലും പലരെയും ഇതുമായി അടുപ്പിച്ചത് ട്രംപ് വിരോധം തന്നെയായിരുന്നു എന്നതാണ് വസ്തുത. പല സംസ്ഥാനങ്ങളിലും നടന്ന പ്രതിഷേധങ്ങൾ ട്രംപ് വിരുദ്ധ പ്രതിഷേധങ്ങൾ എന്ന് തന്നെ അറിയപ്പെടുകയും ചെയ്തു.

"ഞങ്ങളുടെ അവകാശങ്ങൾ, സുരക്ഷിതത്വം, ആരോഗ്യം, കുടുംബം എന്നിവയുടെ സംരക്ഷണം, ചടുലവും വൈവിധ്യപൂര്‍ണവുമായ ജനവിഭാഗങ്ങളാണ് നമ്മുടെ രാജ്യത്തിന്റെ ശക്തി എന്നുള്ള തിരിച്ചറിവ്" ഇതാണ് പ്രക്ഷോഭത്തിന്റെ പ്രധാന മുദ്രാവാക്യമായി മുന്നോട്ടു വയ്ക്കപ്പെട്ടത്. പൊതുസമൂഹത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന വരുംകാല സാഹചര്യങ്ങൾക്കെതിരായുള്ളൊരു ചെറുത്തുനിൽപ്പിന്റെ ആദ്യപടിയായി ചിത്രീകരിക്കപ്പെട്ടു. സമൂഹത്തിന്റെ വിവിധ തുറകളിൽപെട്ടവർ പ്രക്ഷോഭത്തിന്‌ പിന്തുണയുമായി എത്തി. മനുഷ്യാവകാശപ്രവർത്തകർ, സ്ത്രീപക്ഷവാദികൾ, ഭിന്നലൈംഗികതയുടെ വക്താക്കൾ, പ്രത്യുൽപ്പാദനാവകാശപ്രവർത്തകർ, കുടിയേറ്റം, ആരോഗ്യം, പരിസ്ഥിതി മേഖലകളിൽ പ്രവർത്തിക്കുന്നവർ തുടങ്ങി വർണ-വർഗ-പ്രായഭേദമില്ലാതെ സ്ത്രീകൾ പ്രക്ഷോഭത്തിൽ അണിചേരാനെത്തി. രണ്ടുലക്ഷത്തോളം പേരെ പ്രതീക്ഷിച്ച മാർച്ചിൽ ഏകദേശം അഞ്ചു ലക്ഷത്തോളം പേര് പങ്കാളികളായി. മാർച്ചിനെ അഭിസംബോധന ചെയ്തു സംസാരിച്ച പ്രശസ്ത സ്ത്രീപക്ഷവാദിയും പത്രപ്രവർത്തകയും രാഷ്ട്രീയ സാമൂഹ്യപ്രവർത്തകയുമായ ഗ്ലോറിയ സ്റ്റീനം ഇങ്ങനെ പ്രസ്താവിച്ചു, "നമ്മുടെ രാജ്യത്തിന്റെ ഭരണഘടന ആരംഭിക്കുന്നത്, ഞാൻ ഇവിടുത്തെ പ്രെസിഡന്റ് എന്നല്ല, ഞങ്ങൾ ഈ രാജ്യത്തെ ജനങ്ങൾ എന്നാണ്. ജനാധിപത്യത്തിനായി പൊരുതാനും, വര്‍ഗമത വിവേചനങ്ങൾക്കപ്പുറം മനുഷ്യൻ എന്ന ബന്ധത്തിൽ കോർക്കപ്പെടാനും ആഗ്രഹിക്കുന്ന ഇക്കൂട്ടത്തിൽപ്പെട്ട ഒരാളാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനം കൊള്ളുന്നു." ജീവിതത്തിന്റെ വിവിധതുറകളിൽ പെട്ടവർ മാർച്ചിന് നേതൃത്വം നൽകുകയും അഭിസംബോധന ചെയ്യുകയും ചെയ്തു. സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശ സംരക്ഷണം ആവശ്യപ്പെട്ടും പുതിയ ഭരണകൂടം കൈക്കൊള്ളുമെന്ന് പ്രഖ്യാപിച്ച നയങ്ങളോട് പ്രതിഷേധിച്ചുമുള്ള പ്ലക്കാർഡുകളും പോസ്റ്ററുകളും പ്രക്ഷോഭത്തെ അര്‍ത്ഥപൂര്‍ണമാക്കി. വാഷിങ്ടനിൽ നടന്ന സമരത്തിന് പിന്തുണയേകി അമേരിക്കയിലും മറ്റു ഭൂഖണ്ഡങ്ങളിലും സാഹോദര്യമാർച്ചുകൾ സംഘടിപ്പിക്കപ്പെട്ട. അങ്ങനെ ട്രംപ് ഭരണത്തിനു എതിരായി മാത്രമല്ല, ലോകമാസകലം രൂപപ്പെട്ടു വരുന്ന വലതുപക്ഷനയങ്ങളോടുള്ള ചെറുത്തുനിൽപ്പിന്റെ ദിശാസൂചികയായി ഈ സമരം വിലയിരുത്തപ്പെടും.

മോദിയും ബ്രെക്സിറ്റും ട്രംപുമൊക്കെ ചേർന്ന അത്തരമൊരു കാലഘട്ടത്തിൽ ജീവിക്കുന്ന നമുക്ക് കാൾ മാർക്സിന്റെ വാക്കുകൾ ഓർമിച്ചു കൊണ്ടേയിരിക്കാം, "ചരിത്രം ആവർത്തിച്ചുകൊണ്ടേയിരിക്കും, ആദ്യമൊരു ദുരന്തനാടകമായും, പിന്നെയൊരു പരിഹാസക്കൂത്തായും" അത്തരം കാലഘട്ടങ്ങളിൽ ചരിത്രം തിരുത്തുവാനായി ചിലർ മുന്നോട്ടു വരും, അതിനാണ് വാഷിങ്ടന്‍ നഗരം സാക്ഷ്യം വഹിച്ചത്. വാഷിങ്ടനിൽ കൊളുത്തിയ ദീപശിഖ ലോകമാസകലമുള്ള മനുഷ്യാവകാശപ്രവർത്തകർക്കു വഴികാട്ടിയാവുമെന്നു നമുക്ക് പ്രത്യാശിക്കാം.

ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട നിരവധി സ്ത്രീപ്രക്ഷോഭങ്ങൾ ഉണ്ട്. 1789 ഒക്ടോബര്‍ 5ന് ഫ്രഞ്ച് വിപ്ലവസമയത്ത് വേര്സില്ലെസിലേക്കു സ്ത്രീകൾ നടത്തിയ മാർച്ച്, 1913 മാർച്ച് 3ന് വാഷിങ്ടനിൽ നടന്ന വിമൺ സഫ്‌റേജ് മാർച്ച്, 1956 ആഗസ്ത് 9ന് അപ്പാർതീഡ് നയങ്ങൾക്കെതിരെ ആഫ്രിക്കൻ വനിതകൾ പ്രീറ്റോറിയയിൽ നടത്തിയ മാർച്ച്, കഴിഞ്ഞ വര്‍ഷം അബോർഷൻ നിയമത്തിനെതിരെ പോളിഷ് സ്ത്രീകൾ നടത്തിയ പ്രക്ഷോഭം ഇവയൊക്കെ ചരിത്രം തിരുത്തിക്കുറിച്ച പ്രക്ഷോഭങ്ങൾ തന്നെയായിരുന്നു. വാഷിങ്ടൻ വിമൻ മാർച്ചും അത്തരമൊരു ചരിത്രമായി രേഖപ്പെടുത്തണമെങ്കിൽ തുടർപ്രക്ഷോഭങ്ങൾ അനിവാര്യമാണ്. അതുകൊണ്ടു തന്നെ അതിന്റെ സംഘാടകർ ഒരു 'പത്തിന നൂറു ദിനപരിപാടി' ആസൂത്രണം ചെയ്തിട്ടുണ്ട്. ഓരോ പത്തു ദിവസവും ഓരോ തരം പ്രക്ഷോഭവും പ്രതിഷേധവും സംഘടിപ്പിച്ചു പ്രശ്നങ്ങളെ അധികാരിവര്‍ഗത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയും വികലനയങ്ങളെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പൊതുജനത്തെ തുടർച്ചയായി ബോധവത്കരിക്കുകയും ചെയ്യുക എന്നതാണ് പ്രസ്ഥാനത്തിന്റെ ലക്ഷ്യം.

ചരിത്രബോധം എന്നത് മാനവസമൂഹത്തിന്റെ മുന്നോട്ടുള്ള പോക്കിന് അത്യന്താപേക്ഷിതമായ ഒന്നത്രേ. ചില കാലഘട്ടങ്ങളിൽ ജനതയുടെ സ്വത്വബോധം അവരെ ചരിത്രബോധം അവഗണിക്കാനും ഇടുങ്ങിയ വ്യക്തിബോധത്തിലേക്കു ചുരുക്കാനും പ്രേരിപ്പിക്കുന്നു. ചരിത്രബോധം കുറവുള്ള ഒരു ജനത തങ്ങളുടെ രാഷ്ട്രത്തെ ചരിത്രത്താളുകളിൽ ചുളിഞ്ഞ നെറ്റിയോട് കൂടി മാത്രം ഭാവിതലമുറയാല്‍ വായിക്കപ്പെടുവാനും ഇടയാക്കുന്നു. പക്ഷെ അത്തരം വീക്ഷണങ്ങൾക്കു ആയുസ്സും ആരോഗ്യവും കുറവായിരിക്കുമെന്നു ചരിത്രം തന്നെ നമുക്ക് കാട്ടിത്തരുന്നുണ്ട്. മോദിയും ബ്രെക്സിറ്റും ട്രംപുമൊക്കെ ചേർന്ന അത്തരമൊരു കാലഘട്ടത്തിൽ ജീവിക്കുന്ന നമുക്ക് കാൾ മാർക്സിന്റെ വാക്കുകൾ ഓർമിച്ചു കൊണ്ടേയിരിക്കാം, "ചരിത്രം ആവർത്തിച്ചുകൊണ്ടേയിരിക്കും, ആദ്യമൊരു ദുരന്തനാടകമായും, പിന്നെയൊരു പരിഹാസക്കൂത്തായും" അത്തരം കാലഘട്ടങ്ങളിൽ ചരിത്രം തിരുത്തുവാനായി ചിലർ മുന്നോട്ടു വരും, അതിനാണ് വാഷിങ്ടന്‍ നഗരം സാക്ഷ്യം വഹിച്ചത്. വാഷിങ്ടനിൽ കൊളുത്തിയ ദീപശിഖ ലോകമാസകലമുള്ള മനുഷ്യാവകാശപ്രവർത്തകർക്കു വഴികാട്ടിയാവുമെന്നു നമുക്ക് പ്രത്യാശിക്കാം.

Essay, Politics, Gender, World, Struggles Share this Creative Commons Attribution-ShareAlike 4.0 International

Reactions

Add comment

Login to post comments