കെ. ബി. വേണുവിനൊപ്പം തിയറ്ററില്‍

Illias Elambilakode January 3, 2014

ശ്രീ. കെ. ബി. വേണു


അച്ചടി, ദൃശ്യ മാധ്യമ രംഗങ്ങളിലെ ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകന്‍. "ഓഗസ്റ്റ് ക്ലബ്ബ്" എന്ന സിനിമയുടെ സംവിധായകന്‍. പകല്‍ നക്ഷത്രങ്ങള്‍, പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയ്ന്റ് തുടങ്ങി പതിനെട്ടില്‍ പരം സിനിമകളിലെ അഭിനേതാവ്. സമകാലികം, മാജിക് ലാന്റേണ്‍ തുടങ്ങി ശ്രദ്ധേയമായ ടെലിവിഷന്‍ പരിപാടികളുടെ നിര്‍മാതാവും അവതാരകനും. മീരായനം, കൊച്ചിന്‍ ഹനീഫ, ലോഹിതദാസ്, കിം കി ദക്കിന്റെ തിരക്കഥകള്‍, മോട്ടോര്‍ സൈക്കിള്‍ ഡയറീസ്, കിം കി ദക്ക് - വയലന്‍സ് & സയലന്‍സ് എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവ്. ചലച്ചിത്രനിരൂപകന്‍. ഇങ്ങനെ വിവിധ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ്‌ ശ്രീ. കെ. ബി. വേണു.

ഈ വര്‍ഷത്തെ ചലച്ചിത്രമേളയില്‍ "3x3D" എന്ന സിനിമ കാണാന്‍ തിയറ്ററില്‍ ഇരിക്കുമ്പോഴാണ് ശ്രീ. കെ. ബി. വേണുവിനെ പരിചയപ്പെടുന്നത്. ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ ലേഖനങ്ങളിലൂടെ മാത്രമായിരുന്നു അദ്ദേഹത്തെ ഞാന്‍ അറിഞ്ഞിരുന്നത്. സിനിമ തുടങ്ങും മുമ്പ് ചലച്ചിത്രമേളയെക്കുറിച്ചും കിം കി ദക്കിനെക്കുറിച്ചുമൊക്കെ അദ്ദേഹം സംസാരിച്ചു. സിനിമ തുടങ്ങിയപ്പോള്‍ സംഭാഷണം മുറിഞ്ഞു. മേള കഴിഞ്ഞ ശേഷം ഫോണിലൂടെയും ഇന്റര്‍നെറ്റിലൂടെയും ഞങ്ങള്‍ സംഭാഷണം തുടര്‍ന്നു.

കേരളത്തിന്റെ സ്വന്തം ചലച്ചിത്ര മേളയ്ക്ക് പതിനെട്ട് വയസ്സ് തികഞ്ഞിരിക്കുന്നു. താങ്കളുടെ ഐ എഫ് എഫ് കെ (IFFK) എന്ന അനുഭവത്തെ കുറിച്ച് ചുരുക്കി പറയാമോ?

സിനിമ കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ഫെസ്റ്റിവലായാണ് ഐ എഫ് എഫ് കെ യെ എക്കാലത്തും ഞാന്‍ കണക്കാക്കിപ്പോന്നിട്ടുള്ളത്. ഇടക്കാലത്ത് ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന രണ്ടോ മൂന്നോ വര്‍ഷങ്ങളിലൊഴികെ എല്ലാ ഫെസ്റ്റിവലുകളിലും പങ്കെടുത്തിട്ടുണ്ട്. ഗോവയില്‍ ഐ എഫ് എഫ് ഐ ആരംഭിച്ച വര്‍ഷം മുതല്‍ അതിലും മുടങ്ങാതെ പങ്കെടുക്കുന്നുണ്ട്. ഗോവയിലേത് ഒരു കാര്‍ണിവല്‍ മാത്രമാണെന്നും നമ്മുടെ ഫെസ്റ്റിവലാണ് മികച്ചതെന്നും അഹങ്കാരത്തോടെ പറഞ്ഞു നടക്കാറുമുണ്ട്. രണ്ടു വര്‍ഷം മുമ്പ് ഐ എഫ് എഫ് കെ യിലെ മത്സരവിഭാഗം ചിത്രങ്ങള്‍ (മലയാളം ഒഴികെയുള്ളവ) തെരഞ്ഞെടുക്കാനുള്ള കമ്മറ്റിയില്‍ അംഗമാകാനും ഭാഗ്യമുണ്ടായി. മികച്ച പായ്ക്കേജുകളാണ് നമ്മുടെ മേളയെ വ്യത്യസ്തമാക്കുന്നത്. ഓരോ വര്‍ഷവും പുതിയ പുതിയ അനുഭവങ്ങളുമായി ഏതാനും സംവിധായകരുടെ ചിത്രങ്ങളുടെ സമാഹാരങ്ങള്‍ ഇവിടെയെത്തുന്നു. അവ പ്രേക്ഷകര്‍ ആഹ്ലാദപൂര്‍വ്വം ഏറ്റുവാങ്ങുന്നു.

മുമ്പൊക്കെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു മാത്രമേ മേളയില്‍ പ്രവേശനം നല്‍കിയിരുന്നുള്ളൂ. ഫിലിം സൊസൈറ്റി പ്രവര്‍ത്തകരാണ് പാസ്സുകള്‍ വിതരണം ചെയ്തിരുന്നത്. സാധാരണക്കാര്‍ക്ക് മേളയിലെ സിനിമകള്‍ പലപ്പോഴും അപ്രാപ്യമായിരുന്നു. ഇന്‍ഡ്യന്‍ എക്സ്പ്രസ്സിലെ സബ് എഡിറ്ററായിരുന്നിട്ടു പോലും കോഴിക്കോട്ടു നടന്ന മേളയില്‍ പങ്കെടുക്കാന്‍ എനിക്കു നന്നേ ക്ലേശിക്കേണ്ടി വന്നിട്ടുണ്ട്. ഈ സ്ഥിതി മാറിയത് അടൂര്‍ ഗോപാലകൃഷ്ണന്‍ അക്കാദമി ചെയര്‍മാനായി വന്ന വര്‍ഷമാണ്. 100 രൂപ കൊടുക്കുന്ന ആര്‍ക്കും പ്രതിനിധിയാകാമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കൂടാതെ തിരുവനന്തപുരമായിരിക്കും മേളയുടെ സ്ഥിരം കേന്ദ്രമെന്നും നിശ്ചയിച്ചു. അതിനു ശേഷമാണ് മേളയില്‍ ഇത്രയധികം ജനപങ്കാളിത്തമുണ്ടായത്. വര്‍ദ്ധിച്ച ജനപങ്കാളിത്തം മേളയ്ക്കു ഗുണകരമായോ എന്ന കാര്യം ഇപ്പോള്‍ തര്‍ക്കവിഷയമാണ്.

AugustClub ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകനും ചലച്ചിത്ര നിരൂപകനുമായ ശ്രീ കെ. ബി. വേണു, തന്റെ ആദ്യ സിനിമയായ "ഓഗസ്റ്റ് ക്ലബിലൂടെ" തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി.

കിം കി ദക്കിന്റെ വലിയ ഒരു ആരാധകവൃന്ദത്തെ ചലച്ചിത്ര മേളയില്‍ നമുക്ക് കാണാന്‍ കഴിഞ്ഞു. കിം കി ദക്കിന്റെ സിനിമകളെ ആഴത്തില്‍ പഠിച്ച ഒരാളെന്ന നിലയില്‍ അദ്ദേഹത്തിന്റെ സിനിമകളെ എങ്ങനെയാണ് താങ്കള്‍ സമീപിക്കുന്നത്?

2004 ലെ മേളയിലാണ് ആദ്യമായി കിം കി ദക്കിന്‍റെ ആറോ ഏഴോ സിനിമകളുടെ ഒരു പായ്ക്കേജ് പ്രദര്‍ശിപ്പിക്കുന്നത്. അതോടെ കേരളത്തിലെ ഫെസ്റ്റിവല്‍ വൃത്തങ്ങളില്‍ അദ്ദേഹം ചര്‍ച്ചാവിഷയമായി. പ്രമേയങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും അവതരിപ്പിക്കുന്നതിലും കാണിക്കുന്ന അസാമാന്യമായ ധീരതയാണ് അദ്ദേഹത്തിനു ലഭിക്കുന്ന ജനപ്രിയതയ്ക്ക് ഒരു കാരണം. പ്രേക്ഷകരില്‍ എന്തെങ്കിലും തരത്തിലുള്ള ആഘാതമുണ്ടാക്കാന്‍ അദ്ദേഹം എല്ലാ സിനിമകളിലും ശ്രമിക്കാറുമുണ്ട്. സ്വന്തം ഭാഷയിലെ സിനിമകള്‍ നല്‍കുന്ന ആഘാതങ്ങള്‍ സ്വീകരിക്കാത്ത മലയാളി അന്യഭാഷകളിലെ ആഘാതങ്ങളെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമല്ലോ. കിം കി ദക് ഇതു വരെ ചെയ്ത എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. ജീവിച്ചിരിക്കുന്ന മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍മാരില്‍ ഒരാളാണ് കിം കി ദക് എന്നാണ് എന്‍റെ വിലയിരുത്തല്‍. സ്വന്തം സിനിമയില്‍ സര്‍വ്വാധിപത്യം പുലര്‍ത്താന്‍ കഴിവുള്ള, ആരുടെയും ശിഷ്യത്വം സ്വീകരിക്കാത്ത, മൗലികപ്രതിഭയുള്ള സംവിധായകന്‍. Moebius എന്ന ഏറ്റവും പുതിയ ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും ക്യാമറയും എഡിറ്റിങ്ങും നിര്‍മ്മാണവും അദ്ദേഹം തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു. അതൊന്നും മോശമായില്ല താനും.

കൊറിയയുടെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളോട് എത്രമാത്രം അടുത്തു നില്ക്കുന്നവയാണ് കിം കി ദക്കിന്റെ സിനിമകള്‍?

ദക്ഷിണ കൊറിയന്‍ സമൂഹത്തിന്‍റെ പുറമ്പോക്കുകളില്‍ ജീവിക്കുന്നവരെ ആവിഷ്കരിക്കുന്നവയാണ് കിമ്മിന്‍റെ ആദ്യകാല സിനിമകളെല്ലാം. അക്കൂട്ടത്തില്‍ പോക്കറ്റടിക്കാരും പിമ്പുകളും വേശ്യകളുമുണ്ട്. അമേരിക്കയുടെ സൈനികാധിപത്യത്തിലായിരുന്ന ദക്ഷിണ കൊറിയയില്‍ കൃത്യമായി വേര്‍തിരിക്കപ്പെട്ട രണ്ടു സമൂഹങ്ങളുണ്ട്. ആദ്യത്തേത് ഒരു വരേണ്യവര്‍ഗ്ഗമാണ്. രണ്ടാമത്തേത് ജീവിക്കാന്‍ വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായ നിസ്വരുടെ വര്‍ഗ്ഗമാണ്. കിം നോക്കിയത് അവരിലേയ്ക്കാണ്. കാരണം അദ്ദേഹവും നാട്ടിന്‍പുറത്തു ജനിച്ച് നഗരത്തില്‍ ചേക്കേറിയ ഒരു സ്കൂള്‍ ഡ്രോപ് ഔട്ട് ആയിരുന്നു. നീറുന്ന അനുഭവങ്ങളുടെ പിന്‍ബലത്തിലാണ് അദ്ദേഹം സിനിമകള്‍ ചെയ്യുന്നത്.

വയലന്‍സിന്റെയും ലൈംഗികതയുടെയും ഈ രൂപത്തിലുള്ള ആവിഷ്കാരങ്ങള്‍ മലയാളിക്ക് തീരെ പരിചയമില്ലാത്തതാണ്. അതുകൊണ്ട് കൂടിയായിരിക്കണം Moebius കണ്ട് ബോധം കെട്ടുവെന്ന വാര്‍ത്തകള്‍ നാം കേട്ടതും. എന്നിട്ടും എന്തുകൊണ്ടായിരിക്കണം കിം കി ദക്കിനും അദ്ദേഹത്തിന്റെ സിനിമകള്‍ക്കും ഇത്രയധികം സ്വീകാര്യത മേളയിലുണ്ടായത്?

തകേഷി മികേ എന്നൊരു ജാപ്പനീസ് സംവിധായകന്‍റെ സിനിമകളുടെ പായ്ക്കേജ് ഇത്തവണത്തെ മേളയില്‍ ഉണ്ടായിരുന്നു. വയലന്‍സിന്റെ കാര്യത്തില്‍ അദ്ദേഹത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ കിം കി ദക് ആരുമല്ല. ജപ്പാനില്‍ നിന്ന് ഇതിനു മുമ്പും അതിഭയങ്കരമായ വയലന്‍സിന്റെ ആവിഷ്കാരങ്ങള്‍ മേളയില്‍ എത്തിയിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ഇത്തരം സിനിമകള്‍ സ്വീകരിക്കപ്പെടുന്നത് ആത്യന്തികമായി അവയില്‍ ആവിഷ്കരിക്കപ്പെടുന്ന ജീവിതസത്യങ്ങളുടെ മൂല്യങ്ങള്‍ കൊണ്ടായിരിക്കണം.

കിം കി ദക്കിനെ നമുക്ക് വെറുതെ വിടാം. നമ്മുടെ മലയാള സിനിമയ്ക്ക് (മേളയില്‍ പ്രദര്‍ശിപ്പിച്ചതടക്കം) എത്രമാത്രം സാര്‍വലൗകികമാകാന്‍ കഴിയുന്നുണ്ട്?

സാര്‍വ്വലൗകികമായ പ്രമേയങ്ങള്‍ എല്ലാക്കാലത്തും മലയാളസിനിമയില്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴുമുണ്ട്. ഈ മേളയില്‍ പ്രദര്‍ശിപ്പിച്ച ചില മലയാള സിനിമകളെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് എനിക്കുള്ളത്. വിദേശചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയെന്നതാണോ, സാര്‍വ്വലൗകികത കൊണ്ട് ഉദ്ദേശിച്ചതെന്നറിയില്ല. അങ്ങനെയാണെങ്കില്‍ അത്തരം കാര്യങ്ങളെക്കുറിച്ച് മാദ്ധ്യമങ്ങളെയും സാധാരണക്കാരെയും തെറ്റിദ്ധരിപ്പിക്കുന്ന കള്ളനാണയങ്ങള്‍ ഈയിടെ മലയാളത്തില്‍ ഉണ്ടാകുന്നുണ്ട്.

പച്ചയായി ചിത്രീകരിച്ച ചില രംഗങ്ങള്‍ ഉണ്ടെന്ന കാരണത്താല്‍ മാത്രം Blue is the Warmest Colour, Moebius തുടങ്ങിയ സിനിമകള്‍ കണ്ട ആളുകളുണ്ട്. ചലച്ചിത്രമേളകളില്‍ ഇതൊരു തുടര്‍ക്കഥയാണ്‌. പതിനെട്ടു വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകന്റെ/മലയാളിയുടെ സിനിമാസ്വാദനശേഷിയെ വളര്‍ത്താന്‍ IFFK-ക്ക് കഴിഞ്ഞിട്ടുണ്ടോ? എന്ത് കാണണം എന്നതിനപ്പുറം എങ്ങനെ കാണണം എന്നതിലേക്കുള്ള മലയാളി പ്രേക്ഷകന്റെ വളര്‍ച്ച IFFK-യിലൂടെ സാധ്യമായിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇതെങ്ങനെ സാധ്യമാവുമെന്നാണ് താങ്കള്‍ കരുതുന്നത്?

രതിരംഗങ്ങള്‍ കാണാന്‍ അമിതതാല്‍പര്യമുള്ളവര്‍ എന്തിന് ചലച്ചിത്രമേളയില്‍ വരണം? പല നിലവാരത്തിലുമുള്ള ബ്ലൂ ഫിലിമുകള്‍ ഇവിടെ ലഭ്യമാണല്ലോ. ഐ എഫ് എഫ് കെ കേരളത്തിന്‍റെ പൊതു ചലച്ചിത്രബോധത്തില്‍ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ല എന്നാണ് എന്റെ അഭിപ്രായം. ആകെ എണ്ണായിരം പ്രതിനിധികള്‍ പങ്കെടുക്കുന്ന മേള എങ്ങനെ കേരളത്തിന്‍റെ മൊത്തം ചലച്ചിത്രാവബോധത്തെ സ്വാധീനിക്കാനാണ്? മേളയില്‍ പങ്കെടുക്കുന്ന പലരും പിന്നീടു കാണുന്നത് വിജയിന്‍റെയും മറ്റും തട്ടുപൊളിപ്പന്‍ സിനിമകളാണ്. എല്ലാ ജില്ലകളിലും തുടര്‍ച്ചയായി നല്ല സിനിമകള്‍ കാണിച്ചുകൊണ്ടാണ് ജനങ്ങളെ ബോധവത്കരിക്കേണ്ടത്.

IFFK 2013 ലെ സിനിമകളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നു വന്നു. മത്സരവിഭാഗത്തില്‍  പ്രദര്‍ശിപ്പിച്ച  വിദേശസിനിമകള്‍ ഒന്നും തന്നെ ആ നാടിനെയോ സംസ്ക്കാരത്തെയോ അടയാളപ്പെടുത്തുന്നവയായിരുന്നില്ല എന്നും അതുകൊണ്ടു തന്നെ പ്രേക്ഷകര്‍ക്ക്‌ ആ അര്‍ത്ഥത്തിലുള്ള ഒരു പ്രയോജനവും ഉണ്ടായില്ല എന്നുമുള്ള വിമര്‍ശനങ്ങള്‍ കേള്‍ക്കാൻ കഴിഞ്ഞു. താങ്കളുടെ പ്രതികരണം?

ഒരുപാട് മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് മത്സരവിഭാഗം ചിത്രങ്ങള്‍ തെരഞ്ഞെടുക്കുക. ഇപ്പോഴും പഴയ മാനദണ്ഡങ്ങള്‍ മാറിയിട്ടില്ലെന്നു തോന്നുന്നു. മത്സരവിഭാഗം ചിത്രങ്ങളെക്കുറിച്ച് പല വര്‍ഷങ്ങളിലും മോശം അഭിപ്രായമാണ് ഉണ്ടായിട്ടുള്ളത്. പ്രേക്ഷകര്‍ മനസ്സുകൊണ്ടു സ്വീകരിച്ച സിനിമകള്‍ക്കായിരിക്കില്ല പലപ്പോഴും മേളയില്‍ അംഗീകാരം കിട്ടുക. ഇതൊരു പുതിയ സംഭവമല്ല.

സാമൂഹ്യപ്രതിബദ്ധത വെളിപ്പെടുത്തുന്ന സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാകണം എല്ലാ സിനിമകളും എന്ന് ശഠിക്കുന്നത് ശരിയല്ല. സിനിമ സംവിധായകന്‍റെ ആവിഷ്കാരമാണ്. എല്ലാ സിനിമകള്‍ക്കും രാഷ്ട്രീയമുണ്ട്. പുറമേയ്ക്ക് വളരെ വൈയക്തികമെന്നു തോന്നുന്ന പല സിനിമകളും ശക്തമായ രാഷ്ട്രീയം പറയുന്നവയാണ്.

ഇപ്പോഴത്തെ കേരള ചലച്ചിത്ര അക്കാദമിക്ക് സവര്‍ണ്ണ മനസ്സാണോ ഉള്ളത്? ഉദ്ഘാടനചടങ്ങിലെ ദശാവതാരവും സമാപനചടങ്ങിലെ ആവിഷ്കാരവും നമ്മുടെ സെക്യുലര്‍ സമൂഹത്തിന്റെ "യഥാര്‍ത്ഥ റെപ്രസെന്റേഷന്‍" ആയിരുന്നില്ല എന്ന് പറഞ്ഞാല്‍?

ഇപ്പോഴത്തെ അക്കാദമി നേതൃത്വത്തിന്‍റെ അവസ്ഥ എല്ലാവര്‍ക്കും അറിയാവുന്നതാണ്. മന്ത്രി ചെയര്‍മാനെ നിയമിച്ച കഥ മുതല്‍ അതു തുടങ്ങുന്നു. നല്ല സിനിമയെ പ്രതിനിധാനം ചെയ്യുന്നവരെ ഒഴിവാക്കിയാലുണ്ടാകാവുന്ന സ്വാഭാവിക ദുരന്തങ്ങളാണിതെല്ലാം. ഉദ്ഘാടനച്ചടങ്ങില്‍ കാണിച്ച ദൃശ്യങ്ങള്‍ തീര്‍ച്ചയായും പ്രതിഷേധാര്‍ഹമാണ്. കൂട്ടത്തില്‍ പറയട്ടെ, കച്ചവടസിനിമയെടുക്കുന്നവര്‍ അക്കാദമിയുടെ തലപ്പത്തു വരുന്നതിനോട് എനിക്ക് എതിര്‍പ്പില്ല. പക്ഷേ അവര്‍ അക്കാദമിയുടെയും മേളയുടെയും സ്പിരിറ്റ് നിലനിര്‍ത്തണം. അല്ലെങ്കില്‍ വെറുതെ കൂവല്‍ കേട്ടുകൊണ്ടിരിക്കും.

താങ്കള്‍ ശ്രദ്ധിച്ചോ എന്നറിയില്ല, "ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷങ്ങള്‍" എന്ന വീഡിയോയില്‍ മലയാളത്തില്‍ നിന്നും മമ്മൂട്ടിയുടെ "ദ കിങ്ങും" മോഹന്‍ലാലിന്റെ "നരസിംഹവും" കണ്ടു. ഇന്ത്യന്‍ സിനിമയുടെ ചരിത്രം പറയുമ്പോള്‍ "കിങ്ങിനും" "നരസിംഹത്തിനും" എന്ത് പ്രാധാന്യമാണുള്ളത്? മികച്ച മറ്റു സിനിമകളെ അവഹേളിക്കുകയായിരുന്നില്ലേ ഇതിലൂടെ?

ഇന്‍ഡ്യന്‍ സിനിമയുടെ ചരിത്രത്തില്‍ എല്ലാ ചിത്രങ്ങള്‍ക്കും സ്ഥാനമുണ്ടല്ലോ. പക്ഷേ, ഇപ്പറഞ്ഞ രണ്ടു സിനിമകള്‍ക്കും ഈ സന്ദര്‍ഭത്തില്‍ ഒരു പ്രസക്തിയുമില്ല. മറ്റു സിനിമകളെ അവഹേളിക്കുക തന്നെയായിരുന്നു ലക്ഷ്യമെന്ന് ആര്‍ക്കും തോന്നിപ്പോകും.

തുടര്‍ച്ചയെന്നോണം ചോദിക്കട്ടെ. ആ വീഡിയോ male chauvinistic ആയിരുന്നില്ലേ? ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ എടുത്തു പറയത്തക്ക വിധമുള്ള സ്ത്രീസാന്നിധ്യം വിരളമായതു കൊണ്ടാണോ ഇങ്ങനെ സംഭവിച്ചത്?

വളരെ വ്യക്തമാണല്ലോ അക്കാര്യം. ഇതൊക്കെ ഈ വര്‍ഷം ആരെയാണ് ഏല്‍പിച്ചു കൊടുത്തത് എന്നന്വേഷിച്ചാല്‍ കാര്യങ്ങള്‍ ബോദ്ധ്യപ്പെടും. ഇന്‍ഡ്യന്‍ സിനിമയില്‍ തുടക്കം മുതല്‍ത്തന്നെ എത്രയോ പ്രഗത്ഭമതികളായ സ്ത്രീകളുണ്ടായിരുന്നു. ഇപ്പോഴുമുണ്ടല്ലോ.

സംവിധായകന്റെ അല്ലെങ്കില്‍ സിനിമ ചെയ്യുന്നവരുടെ ആത്മസംതൃപ്തി, അല്ലെങ്കില്‍ ആത്മാവിഷ്കാരം എന്നതില്‍ കവിഞ്ഞ് സിനിമകള്‍ക്ക് ഒരു സാമൂഹിക പ്രതിബദ്ധത ഉണ്ടാവേണ്ടതുണ്ടോ?

സാമൂഹ്യപ്രതിബദ്ധത വെളിപ്പെടുത്തുന്ന സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാകണം എല്ലാ സിനിമകളും എന്ന് ശഠിക്കുന്നത് ശരിയല്ല. സിനിമ സംവിധായകന്‍റെ ആവിഷ്കാരമാണ്. എല്ലാ സിനിമകള്‍ക്കും രാഷ്ട്രീയമുണ്ട്. പുറമേയ്ക്ക് വളരെ വൈയക്തികമെന്നു തോന്നുന്ന പല സിനിമകളും ശക്തമായ രാഷ്ട്രീയം പറയുന്നവയാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍റെ എലിപ്പത്തായം എന്ന സിനിമ തന്നെ ഏറ്റവും മികച്ച ഉദാഹരണം.

നമ്മുടെ ചലച്ചിത്രമേളകള്‍ പരമ്പരാഗതവഴികളില്‍ നിന്നും മാറി നടക്കേണ്ടതുണ്ടെന്ന നിര്‍ദേശങ്ങൾ ഉയരുന്നുണ്ട്. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ അപാരമായ വളര്‍ച്ചയുടെയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങിന്റെയുമൊക്കെ കാലമായ ഇന്ന് മേളകള്‍ ഏതു തരത്തില്‍ മാറണമെന്നാണ് താങ്കള്‍ ആഗ്രഹിക്കുന്നത്?

ചലച്ചിത്രമേളകളുടെ നടത്തിപ്പ് - പ്രത്യേകിച്ചും ഈ മേളയുടെ നടത്തിപ്പ് - ഒരു പ്രതിസന്ധി നേരിടുകയാണിപ്പോള്‍. തിരുവനന്തപുരത്തെ തിയറ്ററുകള്‍ മുറിച്ച് മള്‍ട്ടിപ്ലക്സുകളാക്കിയതോടെ ഇരിപ്പിടങ്ങളുടെ എണ്ണം കുറഞ്ഞു. പ്രതിനിധികളുടെ എണ്ണം കൂടുകയും ചെയ്തു. അക്കാദമി സ്വന്തമായി ഒരു മള്‍ട്ടിപ്ലക്സ് കൂടി നിര്‍മ്മിക്കേണ്ടി വരും. വിവിധ വലുപ്പത്തിലുള്ള നാലു തിയറ്ററുകള്‍ ആ സമുച്ചയത്തില്‍ ഉണ്ടാകണം. അതുകൂടാതെ എണ്ണൂറു പേര്‍ക്കെങ്കിലും ഇരിക്കാന്‍ കഴിയുന്ന മറ്റൊരു തിയേറ്ററും വേണം. ഇങ്ങനെയാണ് ഗോവയില്‍ കാര്യങ്ങള്‍ നടക്കുന്നത്. ഐ എഫ് എഫ് കെ യില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട, സമ്മാനാര്‍ഹമായ സിനിമകള്‍ മാത്രം ഉള്‍പ്പെടുത്തി ചെറിയ ചലച്ചിത്രമേളകള്‍ എല്ലാ ജില്ലാകേന്ദ്രങ്ങളിലും നടത്തുമെന്ന് നേരത്തേകൂട്ടി ഉറപ്പുകൊടുത്താല്‍ കുറച്ചുകൂടി ജനപ്രവാഹം നിയന്ത്രിക്കാനും കഴിഞ്ഞേക്കും.

അവസാനമായി ഒരു ചോദ്യം കൂടി. IFFK 2013 പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നുവോ? താങ്കള്‍ കണ്ട മികച്ച സിനിമകള്‍ ഏതൊക്കെയാണ്?

ഇത്തവണത്തെ മേളയില്‍ ഞാന്‍ തൃപ്തനല്ല. റിസര്‍വ്വേഷന്‍ സിസ്റ്റം പോലും പൊളിഞ്ഞുപോയി. ഞാന്‍ ഈ മേളയില്‍ വരുന്നത് സമാധാനമായി സിനിമകള്‍ കാണാന്‍ വേണ്ടി മാത്രമാണ്. ഇവിടുത്തെ റിസര്‍വ്വേഷന്‍ സിസ്റ്റം ഗംഭീരമാണെന്ന് ഗോവയില്‍ വെച്ച് വീമ്പിളക്കാറുണ്ടായിരുന്നു. അതു വെറുതെയായി. ആര്‍ക്കും ഒന്നിനെക്കുറിച്ചും ഒരു ധാരണയും ഇല്ലായിരുന്നു. സെലിബ്രിറ്റികള്‍ക്കൊപ്പം നിന്ന് ഫോട്ടോയെടുക്കുന്നതിലും മലയാളസിനിമയിലെയും സീരിയലിലെയും പ്രമുഖന്‍മാര്‍ക്കുവേണ്ടി സീറ്റുകളൊരുക്കി കാത്തിരിക്കുന്നതിലുമൊക്കെയായിരുന്നു സംഘാടകര്‍ക്കു താല്പര്യം. കൂടുതല്‍ പറയാതിരിക്കുകയാണു ഭേദം. അടുത്ത വര്‍ഷം കൂടുതല്‍ നന്നായി മേള നടത്താന്‍ സംഘാടകര്‍ക്കു കഴിയട്ടെ എന്നാശംസിക്കുന്നു. നല്ല സിനിമയുമായി ബന്ധമുള്ള, മേള നടത്തി പരിചയമുള്ള വ്യക്തികളെ വിലകുറഞ്ഞ രാഷ്ട്രീയത്തിന്‍റെ പേരു പറഞ്ഞ് അകറ്റി നിര്‍ത്താതിരുന്നാല്‍ നല്ലത്. മേഘേ ധക്കാ താരാ, ആക്റ്റ് ഓഫ് കില്ലിങ്, പര്‍വീസ്, ഇനര്‍ഷ്യ, കണ്‍സ്ട്രക്റ്റേഴ്സ്, ഗ്ലോറിയ, ഹണ്‍ട്, പ്രീസ്റ്റ്സ് ചില്‍ഡ്രന്‍ തുടങ്ങിയ സിനിമകളൊക്കെ എനിക്കു ഇഷ്ടമായി.

[കോഴിക്കോട് എം. ബി. എല്‍. മീഡിയ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് ഇല്ല്യാസ് എളമ്പിലാക്കോട്.]

Cinema, IFFK 2013, Kerala, ഓഗസ്റ്റ് ക്ലബ്ബ്, കിം കി ദക്ക്, കെ. ബി. വേണു, Interview, Arts & Literature Share this Creative Commons Attribution-ShareAlike 3.0 Unported

Reactions

Add comment

Login to post comments